അങ്കാറ: ശരീരഭാരം കുറയ്ക്കുന്ന ശസ്ത്രക്രിയക്കിടെ ഇരുപത്തിയെട്ടുകാരിക്ക് ദാരുണാന്ത്യം. സ്കോട്ട്‌ലൻഡ് സ്വദേശിയായ ഷാനൻ ബോവ് (28) എന്ന യുവതിയാണ് തുർക്കിയിൽ ശരീരഭാരം കുറയ്‌ക്കാനുള്ള ശസ്ത്രക്രിയയ്‌ക്കിടെ മരണപ്പെട്ടത്. ആമാശയത്തിന്റെ വലുപ്പം കുറയ്‌ക്കാനുള്ള ഗ്യാസ്ട്രിക് ബാൻഡ് ഓപ്പറേഷനായിരുന്നു യുവതി വിധേയയായത്.
ഷാനൻ ബോവ് തുർക്കിയിലെ ഏത് ആശുപത്രിയിലാണ് ശസ്ത്രക്രിയയ്‌ക്ക് വിധേയതായതെന്ന വിവരങ്ങൾ ഇതുവരെയും ലഭിച്ചിട്ടില്ല. ഏകദേശം ഒരു മണിക്കൂറാണ് ആ ശസ്ത്രക്രിയക്കെടുക്കുന്ന സമയം. ആമാശയത്തിന്റെ വലുപ്പം കുറയ്‌ക്കാനായി വയറിൽ ഒരു ബാൻഡ് ഇടുന്നതാണ് ശസ്ത്രക്രിയ. ഓപ്പറേഷനിടെ ജീവൻ നഷ്ടമാകാനുള്ള കാരണവും വ്യക്തമല്ല.
ഭക്ഷണ നിയന്ത്രണവും ചികിത്സയും വഴി ഭാരം നിയന്ത്രിക്കാൻ കഴിയാത്തവരാണ് സാധാരണ ശരീരഭാരം കുറയ്‌ക്കുന്ന ശസ്ത്രക്രിയ ചെയ്യുന്നത്. അമിതവണ്ണ ശസ്ത്രക്രിയ കേവലം സൗന്ദര്യവർധക ശസ്ത്രക്രിയയല്ലാത്തതിനാൽ ഇതിന്റെ എല്ലാ വശങ്ങളെക്കുറിച്ചും ഡോക്ടർ രോഗിയോട് വിശദമായി സംസാരിച്ച് മനസ്സിലാക്കിയിരിക്കണം. ശസ്ത്രക്രിയയ്‌ക്കു ശേഷം ഭക്ഷണക്രമത്തിലും ജീവിതരീതിയിലും സമാനമായ മാറ്റത്തിനു രോഗി മാനസികമായി തയാറെടുക്കണം. ഭൂരിഭാഗം രോഗികൾക്കും ശസ്ത്രക്രിയയ്‌ക്കു ശേഷം ചെറിയ രീതിയിലുള്ള വേദന ഉണ്ടാകും. പക്ഷേ മരുന്നുകൾ കൊണ്ടു നിയന്ത്രിക്കാൻ കഴിയും.
Comments