തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെ പരഹസിച്ച് മുതിർന്ന സിപിഎം നേതാവ് എം.എം ലോറൻസിന്റെ മകൾ ആശാ ലോറൻസ്. എലത്തൂർ ട്രെയിൻ തീവെയ്പ്പിലെ പ്രതി ഷഹറൂഖ് സെയ്ഫി പിടിയിലായതിന് പിന്നാലെ അന്വേഷണ സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് വിമർശനവുമായി ആശാ ലോറൻസ് എത്തിയത്.
പ്രതിയുടെ യഥാർത്ഥ ചിത്രം പുറത്ത് വന്നതോടെ രേഖാ ചിത്രത്തിനെ കളിയാക്കിയും അന്വേഷണ സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിനെ പരഹസിച്ചുമാണ് ആശാ ലോറൻസിന്റെ പോസ്റ്റ്. ”പ്രതിക്ക് പേരില്ല, പ്രതിയുടെ പടം ഇല്ല, പ്രതിയുടെ രേഖാ ചിത്രം മാത്രം ഉണ്ട്, അതാണെങ്കിൽ” സൂത്രൻ “( ബാലരമ ഫെയിം) വരച്ചതാ” എന്നാണ് ആശാ ലോറൻസിന്റെ പരിഹാസം.
രേഖാ ചിത്രവും യഥാർത്ഥ ചിത്രവും ചേർത്ത് വെച്ച് സമൂഹമാദ്ധ്യമങ്ങളിൽ നിരവധിപേരാണ് സർക്കാരിനെ പരിഹസിക്കുന്നത്. ”രേഖാ ചിത്രം വരച്ച ആൾക്കു മുൻപിൽ രാജാ രവി വർമ്മ പോലും മാറി നിൽകും….”, ”രേഖാ ചിത്രം വരക്കുമ്പോള്‍ ദേ ദിങ്ങനെ വരക്കണം ” , ”അപാര സാമ്യം…. നമിച്ചിരിക്കുന്നു രേഖാചിത്രം വരച്ച കേരള പോലീസിന് ഒരു ബിഗ് സല്യൂട്ട് , എലത്തൂർ ട്രെയിനിലെ തീവയ്പ്പ് കേസ് പ്രതി ഷരുഖ് സൈഫി പിടിയിൽ” , തുടങ്ങി നിരവധി ട്രാളുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ വരുന്നത്.
ആശാ ലോറൻസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ…
”ക്രഡിറ്റ് കൊണ്ട് പോകാൻ വേറെ ആളെ നോക്കണ്ട, ഇവിടെ തന്നെ ഉണ്ട്… എന്നാലും എന്റെ വിജയൻ അങ്കിൾ…പ്രതിക്ക് പേരില്ല പ്രതിയുടെ പടം ഇല്ല പ്രതിയുടെ രേഖാ ചിത്രം മാത്രം ഉണ്ട്. അതാണെങ്കിൽ” സൂത്രൻ “( Balarama Fame) വരച്ചതാ.
അങ്കിളിന്റെ പോലീസ് ഡൽഹിയിൽ “തങ്ങി ” നിൽക്കുക അല്ലേ… “ഡൽഹിയിൽ തങ്ങാൻ ” അല്ലേ നിർദേശിച്ചത്. എന്തായാലും ഈ പോസ്റ്റിന് വിപ്ലവ അഭിവാദ്യങ്ങൾ”. എന്നാണ് ആശാ ലോറൻസിന്റെ പരിഹാസം.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ….
”ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സിൽ യാത്രക്കാരെ അക്രമിച്ച് തീ കൊളുത്തിയതിൽ മൂന്നു പേര്‍ കൊല്ലപ്പെട്ടതും പത്തോളം പേര്‍ക്ക് പരിക്കേറ്റതുമായ സംഭവത്തിലെ പ്രതിയെ മൂന്നു ദിവസത്തിനകം പിടികൂടിയ അന്വേഷണ സംഘത്തെ ഹാർദ്ദമായി അഭിനന്ദിക്കുന്നു. ”
”അത്യന്തം ഞെട്ടിക്കുന്ന സംഭവം നടന്ന ഉടൻ തന്നെ കുറ്റക്കാരെ കണ്ടെത്തുവാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിക്കുകയും ശാസ്ത്രീയ പരിശോധനയടക്കം നടത്തി തെളിവ് ശേഖരിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി പ്രതിയെ മഹാരാഷ്‌ട്രയിലെ രത്‌നഗിരിക്ക് സമീപം പിടികൂടാന്‍ കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം തുടരുന്നതിനിടയിലാണ് പ്രതി പോലീസ് കസ്റ്റഡിയിലായത്.”
”സംഭവ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞ അക്രമിയെ മൂന്നു ദിവസത്തിനുള്ളില്‍ തന്നെ പിടികൂടാന്‍ കഴിഞ്ഞത് കേരളപോലീസിന്റെ അന്വേഷണ മികവിന്റെയും മറ്റു സംസ്ഥാനങ്ങളിലെയും രാജ്യത്തെയും വിവിധ ഏജന്‍സികളുടെ സഹകരണത്തിന്റെയും ഫലമായിട്ടാണ്. അന്വേഷണത്തില്‍ പങ്കാളികളായ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും മഹാരാഷ്‌ട്ര എ.ടി.എസ്, കേന്ദ്ര ഇന്റലിജന്‍സ്, റെയില്‍വെ അടക്കം സഹകരിച്ച മറ്റ് ഏജന്‍സികളെയും അഭിനന്ദിക്കുന്നു. ” -മുഖ്യമന്ത്രി പിണറായി വിജയൻ.
















Comments