അമൃത്‍സർ: ഖലിസ്ഥാൻ അനുകൂലി അമൃത്പാൽ സിംഗ് വീഡിയോ സന്ദേശത്തിലൂടെ സിഖ് കാരുടെ യോഗം വിളിച്ച് ചേർക്കാൻ ആവശ്യപ്പെട്ട സാഹചര്യത്തിൽ പഞ്ചാബ് പോലീസുകാരുടെ അവധി റദ്ദാക്കി. ഏപ്രിൽ 14-വരെ ഒരു പോലീസുകാരും അവധി എടുക്കരുതെന്നാണ് പഞ്ചാബ് പോലീസ് മേധാവിയുടെ നിർദ്ദേശം.
ഒളിവിൽ കഴിയുന്ന അമൃത്പാൽ വിഡിയോ സന്ദേശത്തിലൂടെയാണ് ഉന്നത സിഖ് സംഘടനയായ അകാൽ തഖ്ത് മേധാവികളോട് സിഖ് വിശ്വാസികളുടെ യോഗം വിളിച്ച് ചേർക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പഞ്ചാബിലെ ബത്തിൻഡയിൽ ബൈശാഖി ആഘോഷിക്കുന്ന ദിവസമായ ഏപ്രിൽ 14-നാണ് യോഗം ചേരുന്നത്.
അതിനാൽ, അന്നുവരെ എല്ലാ ഗസറ്റഡ്, നോൺ ഗസറ്റഡ് ഓഫിസർമാരുടെയും അവധികൾ റദ്ദാക്കിയതായി ഡിജിപി ഉത്തരവിട്ടു. നേരത്തെ അനുവദിച്ച അവധികളും റദ്ദാക്കിയിരിക്കുകയാണ്. ഏപ്രിൽ 14 വരെ പുതിയ അവധികൾ അനുവദിക്കരുതെന്നും പറഞ്ഞിട്ടുണ്ട്.
രണ്ട് വീഡിയോയായിരുന്നു അമൃത്പാൽ മാർച്ചിൽ പുറത്ത് വിട്ടത്. സമ്മേളനത്തിന് മുന്നോടിയായി അമൃത്‌സറിലെ അകാൽ തഖ്തിൽ നിന്ന് ബത്തിൻഡയിലെ ദംദാമ സാഹിബിലേക്ക് ഒരു മത ഘോഷയാത്ര സംഘടിപ്പിക്കാനും അകൽ തഖ്ത് തലവന്മാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. അധികകാലം ഒളിവിൽ കഴിയില്ലെന്നും ഉടൻ ജനങ്ങൾക്കുമുന്നിൽ എത്തുമെന്നും അമൃത്പാൽ വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു.
Comments