എറണാകുളം : കൊച്ചി കിഴക്കമ്പലത്തെ പള്ളിയിൽ ളോഹ ധരിച്ച് മോഷണം. മലയിടം തുരുത്ത് സെയിന്റ് മേരീസ് പള്ളിയിലാണ് മോഷണം നടന്നത്. വികാരിയുടെ മുറി കുത്തി തുറന്ന് ളോഹ എടുത്തണിഞ്ഞായിരുന്നു മോഷണം. പള്ളിയിൽ നിന്ന് മോഷ്ടാവ് 40000 രൂപയും കവർന്നു. മോഷണം നടത്തുന്ന വീഡിയോ സിസിടിവിയിൽ പതിഞ്ഞെങ്കിലും മുഖം മൂടി ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമായില്ല.
കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലാണ് മോഷണം നടന്നത്. ശരീരവും തലയും മൂടിക്കെട്ടിയ കള്ളൻ ആദ്യം പള്ളിയുടെ ഓഫീസ് മുറി കുത്തിതുറക്കാൻ ശ്രമിച്ചു. ശ്രമം പരാജയപ്പെട്ടപ്പോൾ മോഷ്ടാവ് വികാരിയുടെ മുറി കുത്തി തുറന്നു. വൈദികൻ പ്രാർത്ഥനാ സമയത്ത് ഉപയോഗിക്കുന്ന കറുത്ത കുപ്പായം ധരിച്ച് പുറത്തിറങ്ങി വീണ്ടും ഓഫീസ് മുറി കുത്തിത്തുറക്കാൻ ശ്രമിച്ചു.
ഓഫീസ് വാതിൽ തുറന്ന ശേഷം കള്ളൻ അലമാരയുടെ പൂട്ട് പൊളിച്ച നാൽപതിനായിരം രൂപ കൈക്കലാക്കുകയായിരുന്നു. തുടർന്ന് ഇയാൾ അതേ വേഷത്തിൽ തന്നെ രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിൽ തടിയിട്ടപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സമാന മോഷണക്കേസുകൾ പരിശോധിച്ച് അന്വേഷണം വിപുലമാക്കുമെന്ന് പോലീസ് പറഞ്ഞു.
















Comments