തൃശൂർ: ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കാൻ വൈകിയതിന്റെ പേരിൽ മകൻ പിതാവിനെ കൊലപ്പെടുത്തി. തൃശൂർ കോടന്നൂർ സ്വദേശി ജോയ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 25-കാരനായ മകൻ റിജോയെ കസ്റ്റഡിയിലെടുത്തു.
വെൽഡിംഗ് തൊഴിലാളിയായ റിജോ കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞെത്തി രാത്രി 8.15-ന് വിളിച്ച് എഴുന്നേൽപ്പിക്കണമെന്ന് പറഞ്ഞ് ഉറങ്ങാൻ കിടന്നു. മദ്യലഹരിയിലാണ് ഇയാൾ ഉറങ്ങാൻ കിടന്നത്. തുടർന്ന് 8.30-ഓടെ റിജോയെ വിളിച്ചേഴുന്നേൽപ്പിച്ചെങ്കിലും വിളിക്കാൻ വൈകിയെന്ന് പറഞ്ഞ് വീട്ടുകാരുമായി ഇയാൾ തർക്കത്തിലായി. ജോയി ഇത് ചോദ്യം ചെയ്തതിന് പിന്നാലെ ഇരുവരും തമ്മിൽ വാക്കേറ്റമായി.
വഴക്കിനിടയിൽ റിജോ പിതാവിനെ നിലത്ത് തള്ളിയിട്ടു. തല നിലത്ത് ഇടിച്ച ജോയിയെ റിജോ ക്രൂരമായി മർദ്ദിച്ചു. സാരമായി പരിക്കേറ്റ ജോയിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റീനയാണ് ജോയിയുടെ ഭാര്യ.
Comments