പാലക്കാട് : മലമ്പുഴ കവക്ക് സമീപം കോഴിമലയിൽ കാട്ടാനയുടെ ജഡം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. പിടിയാന ചരിഞ്ഞതിൽ ദുരൂഹതയുണ്ടെന്ന് അറിയിച്ചിട്ടും ധൃതിയിൽ പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു. ഇത് മറ്റാരെയോ സംരക്ഷിക്കാനാണ് എന്ന് സംശയിക്കുന്നതായി ആനപ്രേമി സംഘം ജില്ല പ്രസിഡന്റ് ഹരിദാസ് മച്ചിങ്ങൽ ആരോപണം ഉന്നയിച്ചു.
സ്‌ഫോടക വസ്തു പൊട്ടിയോ വൈദ്യുതി ലൈനിൽ കടിച്ച് ഷോക്കേറ്റോ ആവാം ആന ചരിഞ്ഞതെന്ന സംശയമാണ് ഹരിദാസ് ഉന്നയിച്ചിരിക്കുന്നത്. വനം വകുപ്പ് ഉന്നത തല ഉദ്യോഗസ്ഥരുടെയും സംഘടനകളുടെയും സാന്നിധ്യത്തിൽ ജഡം പോസ്റ്റ്‌മോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് മന്ത്രിക്ക് അയച്ച പരാതിയിൽ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഏകദേശം 30 വയസോളം പ്രായമുള്ള പിടിയാനയുടെ ജഡം കണ്ടെത്തിയത്. ദുർഗന്ധം വമിച്ചിരുന്ന ആനയുടെ ജഡത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമുള്ളതായി വനം വകുപ്പ് അധികൃതർ അറിയിച്ചു. ഡാമിൽ മാടുമേക്കാൻ പോയ പെൺകുട്ടികളാണ് പന്നൽ ചെടികൾക്കിടയിൽ ആനയുടെ ജഡം കാണുന്നത്.
Comments