തിരുവനന്തപുരം: യുഎഇ സന്ദർശിക്കാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. നാല് ദിവസത്തെ സന്ദർശനത്തിനായി അടുത്ത മാസം മുഖ്യമന്ത്രി യുഎഇയിലേയ്‌ക്ക് തിരിക്കും. യുഎഇ സർക്കാരിന്റെ ക്ഷണ പ്രകാരമാണ് മുഖ്യമന്ത്രിയുടെ സന്ദർശനമെന്ന് സർക്കാർ അവകാശപ്പെടുന്നു. മെയ് 7-ന് പിണറായി വിജയൻ അബുദാബിയിലെത്തും. സർക്കാർ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിൽ അദ്ദേഹം പങ്കെടുക്കും.
മെയ് 10-ന് പൊതുജന സംവാദം അടക്കം വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മന്ത്രിമാരായ മുഹമ്മദ് റിയാസും പി. രാജീവും ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ലോക കേരളസഭയുടെ മേഖലാ സമ്മേളനങ്ങളിൽ പങ്കെടുക്കാൻ അമേരിക്കയിലേക്കും സൗദി അറേബ്യയിലേക്കും മുഖ്യമന്ത്രി പോകുന്നുണ്ട്. ജൂണിൽ അമേരിക്കയും സെപ്റ്റംബറിൽ സൗദി അറേബ്യയയും സന്ദർശിക്കാനാണ് മുഖ്യമന്ത്രി അടങ്ങുന്ന സംഘം തീരുമാനിച്ചിരിക്കുന്നത്.
വിദേശയാത്ര സംബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി സബ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മുഖ്യമന്ത്രിമാരും മന്ത്രിമാരും നടത്തിയ യൂറോപ്പ് സന്ദർശനം വലിയ വിവാദമായിരുന്നു. മന്ത്രിമാർക്കൊപ്പം കുടുംബാംഗങ്ങളും വിദേശയാത്ര നടത്തിയിരുന്നു. സർക്കാർ ചിലവിലും പ്രതിനിധി സംഘത്തോടൊപ്പം യാത്ര ചെയ്യുമ്പോൾ കിട്ടുന്ന പ്രത്യേക പരിഗണനങ്ങളും ലഭിച്ചുകൊണ്ടായിരുന്നു മന്ത്രിമാരുടെ കുടുംബങ്ങളുടെ യാത്ര.
















Comments