ഡൽഹി:∙ ഈസ്റ്റര്‍ ദിനത്തോടനുബന്ധിച്ച് ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈകിട്ട് 5.30-ഓടെയാണ് സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലലിൽ പ്രധാനമന്ത്രി എത്തിയത്. ഈസ്റ്റർ ആശംസകൾ നേരിട്ട് അറിയിക്കാനാണ് ഡൽഹിയിലെ ഏറ്റവും പുരാതനമായ ക്രൈസ്തവ ദേവാലയം പ്രധാനമന്ത്രി സന്ദർശിച്ചത്. മത ന്യൂനപക്ഷങ്ങളെ ചേർത്തു നിർത്തുക എന്നതാണ് മോദി സർക്കാരിന്റെ നയമെന്ന് വ്യക്തമാക്കുന്നതാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
ഡൽഹി ആർച്ച് ബിഷപ്പ് അനിൽ ജോസഫ് തോമസ് കൂട്ടോയും മറ്റ് ക്രൈസ്തവ പുരോഹിതന്മാരും ചേർന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിച്ചത്. ദേവാലയത്തിലെത്തിയ പ്രധാനമന്ത്രി വിശ്വാസികൾക്കൊപ്പം പ്രാർത്ഥനയിലും പങ്കെടുത്തു. കുട്ടികൾക്കൊപ്പം ക്വയറും പ്രധാനമന്ത്രി ചൊല്ലി. വിശ്വാസികളുമായും പുരോഹിതന്മാരുമായും അല്പനേരം സംവദിച്ച ശേഷം, ദേവാലയ മുറ്റത്ത് വൃക്ഷം നട്ട ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയത്. പ്രധാനമന്ത്രിയുടെ സന്ദർശനം ക്രൈസ്തവ വിശ്വാസികൾക്ക് ആത്മവിശ്വാസം നൽകുന്നതാണെന്ന് പുരോഹിതന്മാർ പറഞ്ഞു.
#WATCH | Prime Minister Narendra Modi reached Sacred Heart Cathedral Catholic Church in Delhi. pic.twitter.com/RCq9EqslfV
— ANI (@ANI) April 9, 2023
നേരത്തെ, രാജ്യത്തെ ക്രൈസ്തവ വിശ്വാസികൾക്ക് അദ്ദേഹം ഈസ്റ്റർ ആശംസകളും നേർന്നിരുന്നു.’ഈസ്റ്റർ ആശംസകൾ! സമൂഹത്തിൽ ഐക്യം ശക്തിപ്പെടുത്താനും ജനങ്ങളെ സേവിക്കാനും താഴെക്കിടയിലുള്ളവരെ ശക്തീകരിക്കാനും ഈ സന്ദർഭത്തിൽ കഴിയട്ടെ. കർത്താവായ ക്രിസ്തുവിന്റെ ഭക്തിനിർഭരമായ ചിന്തകളെ നാം ഈ ദിവസം ഓർക്കുന്നു’-എന്നാണ് നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചത്. ന്യൂനപക്ഷങ്ങളോടുള്ള പിന്തുണ തെളിയിക്കുന്നതാണ് പ്രധാനമന്ത്രിയുടെ സന്ദർശനമെന്ന് ഫാ. ഫ്രാൻസിസ് സ്വാമിനാഥനും മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
Comments