റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ആരോഗ്യസ്ഥിതി ദിനം പ്രതി മോശപ്പെടുന്നതായി റിപ്പോർട്ട്. വലതുകൈയുടെയും കാലിന്റെയും ചലനശേഷി നഷ്ടപ്പെട്ടതായും കടുത്ത തലവേദന അനുഭവിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. പിന്നാലെ കാഴ്ചശക്തി കുറയുന്നതായും നാവിന് മരവിപ്പുണ്ടെന്നുമാണ് വിവരം. പുടിൻ അടിയന്തിരമായി ചികിത്സയ്‌ക്ക് വിധേയനായെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പുടിന്റെ ആരോഗ്യവിവരങ്ങൾ പങ്കുവെയ്‌ക്കുന്ന ടെലിഗ്രാം ചാനലായ എസ്‌വിആർ വഴിയാണ് ഇക്കാര്യം അറിയിച്ചത്.
പ്രാഥമിക പരിചരണം നൽകിയതായി ഡോക്ടർമാരുടെ വിദഗ്ധ സമിതി വ്യക്തമാക്കി. കൂടുതൽ പരിചരണം ആവശ്യമാണെന്നും പൂർണ്ണ വിശ്രമത്തിനും സമിതി നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ വിശ്രമിക്കാനാകില്ലെന്നാണ് പുടിൻ പറയുന്നത്. നിലവിൽ ഡോക്ടർമാർക്കൊപ്പമാണ് പുടിൻ സഞ്ചരിക്കുന്നത്. അർബുദവും പാർക്കിൻസൺസും അടക്കമുള്ള ഗുരുതര രോഗങ്ങളാണ് പുടിനെ അലട്ടുന്നതെന്നാണ് വിവരം.
പുടിൻ നടക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന തരത്തിലുള്ള വീഡിയോ അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ മാർച്ചിലും പുടിൻ ഗുരുതര രോഗങ്ങളെ തുടർന്ന് ചികിത്സയ്‌ക്ക് വിധേയനായിരുന്നു. എന്നാൽ റഷ്യൻ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം പൂർണ ആരോഗ്യവനാണ് പുടിൻ.
Comments