കൊൽക്കത്ത : മാതാപിതാക്കളില്‍നിന്നു മാറിത്താമസിക്കാന്‍ ഭാര്യ ഭര്‍ത്താവിനെ നിര്‍ബന്ധിക്കുന്നത് വിവാഹ ബന്ധത്തിലെ ക്രൂരതയാണെന്ന് കല്‍ക്കട്ട ഹൈക്കോടതി. ഇതിന്റെ പേരില്‍ ഭര്‍ത്താവിന് വിവാഹമോചനം അനുവദിക്കാമെന്നും ജസ്റ്റിസുമാരായ സൗമെന്‍ സെന്‍, ഉദയ് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി
വിവാഹത്തിനു ശേഷം ആണ്‍മക്കള്‍ മാതാപിതാക്കളോടൊപ്പം താമസിക്കുന്നതാണ് ഇന്ത്യയിലെ പൊതുവായ രീതി. മാതാപിതാക്കളില്‍നിന്നു മാറിത്താമസിക്കാന്‍ ഭാര്യ ഭര്‍ത്താവിനെ നിര്‍ബന്ധിക്കുന്നുണ്ടെങ്കില്‍ അതിനു ന്യായമായ കാരണം വേണം. ന്യായമായ കാരണം ഇല്ലാതെയാണ് മാറിത്താമസിക്കാന്‍ ഭാര്യ ഭര്‍ത്താവിനെ നിര്‍ബന്ധിച്ചതെന്നു കോടതി വിലയിരുത്തി. ഈഗോയും ചില്ലറ ഗാര്‍ഹിക പ്രശ്‌നങ്ങളും സാമ്പത്തികമായ കാര്യങ്ങളും മാത്രമാണ് ഇത്തരമൊരു നിര്‍ബന്ധത്തിനു പിന്നില്‍. ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി വാടകവീട്ടിലേക്കു മാറാന്‍ നിര്‍ബന്ധിതനായതാണ് ഭര്‍ത്താവ്. ഇത് വിവാഹ ബന്ധത്തിലെ ക്രൂരത തന്നെയാണെന്നു കോടതി പറഞ്ഞു.
വിവാഹ മോചനം അനുവദിച്ച കുടുംബ കോടതി വിധി ചോദ്യം ചെയ്തു യുവതി നല്‍കിയ അപ്പീല്‍ ആണ് ഹൈക്കോടതി പരിഗണിച്ചത്. ഭാര്യ മാറിത്താമസിക്കാന്‍ നിര്‍ബന്ധിച്ചതായും തന്നെ ഭീരു, ജോലിയും കൂലിയും ഇല്ലാത്തവന്‍ എന്നിങ്ങനെ വിളിച്ച് നിരന്തരം ആക്ഷേപിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് ഭര്‍ത്താവ് വിവാഹമോചനത്തിനു ഹര്‍ജി നല്‍കിയത്.
Comments