സർഗ്ഗാത്മക എഴുത്തുകാർക്ക് ഒരു സന്തോഷവാർത്ത. സിനിമയ്ക്കുള്ള പുതിയ കഥകളും തിരക്കഥകളും തേടിയിരിക്കുകയാണ് ഇപ്പോൾ നടൻ ഉണ്ണി മുകുന്ദന്റെ നിർമ്മാണ കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസ്. ഇതിനകം രജിസ്റ്റർ ചെയ്യപ്പെട്ട കഥകളും തിരക്കഥകളുമാണ് തങ്ങൾ തേടുന്നതെന്നും താൽപര്യമുള്ളവർ കഥയുടെ ഒറ്റ പേജിലുള്ള ഒരു സിനോപ്സിസ് ആണ് അയക്കേണ്ടതെന്നും ഉണ്ണി മുകുന്ദൻ ഫിലിംസ് അറിയിച്ചിട്ടുണ്ട്.
പ്ലോട്ട്, കഥാപാത്രങ്ങൾ, മറ്റ് ആവശ്യമായ വിവരങ്ങൾ എന്നിവ അടങ്ങിയ ഒരു പേജിലുള്ള സിനോപ്സിന് പിഡിഎഫ് ഫോർമാറ്റിൽ ആക്കിയാണ് അയക്കേണ്ടത്. പേര്, ഇമെയിൽ, സോഷ്യൽ മീഡിയ ഹാൻഡിലുകളുടെ വിവരം എന്നിവ ഒപ്പം ചേർത്തിരിക്കണം. stories@umfpl.com എന്ന ഇമെയിൽ വിലാസത്തിലും +91 7902742209 എന്ന വാട്സ്ആപ്പ് നമ്പരിലുമായാണ് എൻട്രികൾ അയക്കേണ്ടതെന്ന് ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ സമൂഹമാദ്ധ്യമങ്ങളിലുള്ള പോസ്റ്റിൽ പറയുന്നു. അപേക്ഷകൾക്കൊപ്പം ആക്റ്റിംഗ് വീഡിയോകൾ അയക്കരുതെന്നും പ്രത്യേകം അഭ്യർത്ഥിച്ചിട്ടുണ്ട്.

അതേസമയം 2022-ൽ പുറത്തിറങ്ങിയ മേപ്പടിയാൻ ആണ് ഉണ്ണി മുകുന്ദൻ ഫിലിംസ് നിർമ്മിച്ച ആദ്യ ചിത്രം. നവാഗതനായ വിഷ്ണു മോഹൻ ആയിരുന്നു മേപ്പടിയാന്റെ സംവിധായകൻ. ആക്ഷൻ ഹീറോ പരിവേഷത്തിൽ നിന്നും മാറി വേറിട്ടൊരു ഉണ്ണി മുകുന്ദനെ കുടുംബനായകനായി അവതരിപ്പിച്ച ചിത്രമാണ് ഇത്. കുടുംബ ചിത്രം എന്ന ലേബലിൽ അവതരിപ്പിച്ചുവെങ്കിലും, ഒരു ത്രില്ലർ ചിത്രം എന്ന നിലയിൽ അവസാനിക്കുന്ന സിനിമയാണ് മേപ്പടിയാൻ. ചിത്രത്തിനായി ശരീരഭാരം കൂട്ടുകയും, തീർത്തും അപ്രതീക്ഷിതമായി നിർമ്മാതാവിന്റെ നിലയിലേക്ക് ഉണ്ണി മുകുന്ദൻ എത്തുകയും ചെയ്ത ചിത്രം കൂടിയാണിത്. ഒരു സാധരണക്കാരന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങൾ ആണ് മേപ്പടിയാൻ പറയുന്നത്.
2022 ജനുവരി 14-ന് തിയറ്ററുകളിലെത്തിയ ചിത്രം കൊറോണ പശ്ചാത്തലത്തിലും മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് നേടിയത്. അഞ്ജു കുര്യൻ നായികയായ ചിത്രത്തിൽ ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, നിഷ സാരംഗ്, ജോർഡി പൂഞ്ഞാർ, പൗളി വത്സൻ, മനോഹരിയമ്മ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2022-ൽ തന്നെ പുറത്തിറങ്ങിയ ഷെഫീക്കിന്റെ സന്തോഷമാണ് ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ രണ്ടാമത്തെ ചിത്രം. ഉണ്ണി മുകുന്ദൻ നിർമ്മിച്ച് നായകനായി എത്തിയ ചിത്രം റിയലിസ്റ്റിക് ഫാമിലി എന്റർടെയ്നർ വിഭാഗത്തിലാണ് ഒരുക്കിയത്.
















Comments