അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നൽകാമോയെന്ന് ചോദിക്കാൻ നടി മഞ്ജു വാരിയരുടെ കാറിനു പിന്നാലെ ഓടി പെൺകുട്ടി . ഏരൂരിൽ കട ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മഞ്ജു. തിരികെ കാറിൽ കയറി കാർ എടുത്തതിനു പിന്നാലെ പെൺകുട്ടി ഓടിയെത്തുകയായിരുന്നു. പെൺകുട്ടി ഓടി വരുന്നത് കണ്ട് മഞ്ജു വാരിയർ കാർ നിർത്തി കാര്യം തിരക്കി. പക്ഷേ റോഡ് ബ്ലോക്ക് ആകുന്നതിനാൽ കാർ അധികനേരം നിർത്തിയിടാനും കഴിയില്ലായിരുന്നു. ഉടൻ തന്നെ കാർ മുന്നോട്ട് എടുത്തെങ്കിലും വീണ്ടും പെൺകുട്ടി പുറകെ എത്തുകയായിരുന്നു.
കുറച്ചു മുന്നോട്ട് എടുത്ത ശേഷം മഞ്ജു വാരിയർ തന്റെ കാർ റോഡിനരികിലേക്ക് മാറ്റി നിർത്തി പെൺകുട്ടിയെ അടുത്തേക്കുവിളിച്ചു. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകും എന്നതിനാൽ തന്റെ ഫോൺ നമ്പർ പെൺകുട്ടിക്കു കൊടുക്കാൻ ഒപ്പമുള്ളവരോട് നിർദേശം നൽകിയിട്ടാണ് താരം അവിടെ നിന്നും തിരിച്ചത്.
തന്റെ അമ്മ മഞ്ജുവിന്റെ ആരാധികയാണെന്നും അമ്മയുടെ പിറന്നാളിന് ഒരു ആശംസ നൽകാമോ എന്ന് ചോദിക്കാനുമാണ് പിന്നാലെ ഓടിയതെന്നു പെൺകുട്ടി പറഞ്ഞു. ‘രണ്ടു മിനിറ്റ് ചേച്ചിയോട് സംസാരിച്ചോട്ടെ എന്ന് ചോദിച്ചു. ചേച്ചി സമ്മതിക്കുകയും ചെയ്തു. ഇന്ന് എന്റെ അമ്മയുടെ പിറന്നാളാണ് അമ്മയ്‌ക്ക് വിഡിയോയിലൂടെ ഒരു ആശംസ പറയാമോ എന്ന് ചോദിക്കാനാണ് ഞാൻ ചേച്ചിയുടെ പിന്നാലെ ഓടിയത്.’’–പെൺകുട്ടി പറയുന്നു.
Comments