ജയ്പൂർ: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗാണ് വന്ദേഭാരത് ട്രെയിൻ യാഥാർത്ഥ്യമാക്കിയതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട്. കഴിഞ്ഞ ദിവസം രാജസ്ഥാനിൽ വന്ദേ ഭാരത് ട്രെയിൻ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി മുൻ കേന്ദ്ര സർക്കാരുകൾക്കെതിരെ തുറന്നടിച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് പുതിയ അവകാശവാദവുമായി അശോക് ഗെഹ്‍ലോട്ട് രംഗത്തു വന്നത്. മോദി അധികാരമേറ്റതിന് ശേഷം മാത്രമാണ് റെയിൽവേയുടെ വികസനം നടന്നതെന്ന് പറയുന്നത് ന്യായമല്ലെന്നും കോൺഗ്രസ് സർക്കാരിന്റെ കാലത്ത് റെയിൽവേയിൽ വികസനങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
‘പ്രധാനമന്ത്രി മോദി അധികാരമേറ്റതിന് ശേഷം മാത്രമാണ് റെയിൽവേയുടെ വികസനം നടന്നതെന്ന് പറയുന്നത് ന്യായമല്ല. 2023-24 നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ കണക്കിലെടുത്താണ് നരേന്ദ്രമോദി പ്രസംഗം നടത്തിയത്. അത് ഭാരതീയ ജനതാ പാർട്ടിയുടെ തിരഞ്ഞെടുപ്പ് അജണ്ടയാണ്. അത്തരം അഭിപ്രായങ്ങൾ ജനങ്ങൾക്ക് സ്വീകാര്യമാകില്ല. മുൻ സർക്കാരുകളുടെ കാലത്ത് എടുത്ത എല്ലാ തീരുമാനങ്ങളിലും അഴിമതി നിറഞ്ഞിട്ടുണ്ടായിരുന്നു എന്ന് പറയരുത്’.
‘പ്രത്യേക റെയിൽവേ ബജറ്റ് ഒഴിവാക്കിക്കൊണ്ട് പ്രധാനമന്ത്രി മോദി സർക്കാർ റെയിൽവേയുടെ പ്രാധാന്യം കുറയ്‌ക്കുകയാണ്. 1991-ൽ ധനമന്ത്രിയായിരിക്കെ ഇന്ത്യയുടെ സാമ്പത്തിക ഉദാരവൽക്കരണത്തിന് നേതൃത്വം നൽകിയ മൻമോഹൻ സിംഗ് കാരണമാണ് വന്ദേ ഭാരത് പോലുള്ള ആധുനിക ട്രെയിനുകൾ ഇപ്പോൾ സാധ്യമായത്. കാലാകാലങ്ങളിൽ ലോകമെമ്പാടും സാങ്കേതിക മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അതുമൂലം ഇന്ത്യയിലും പുതിയ സാങ്കേതികവിദ്യ വന്നിട്ടുണ്ട്. റെയിൽവേയിൽ പുരോഗതി ഉണ്ടായിട്ടുണ്ട്. യഥാർത്ഥത്തിൽ മൻമോഹൻ സിംഗാണ് വന്ദേഭാരത് ട്രെയിൻ യാഥാർത്ഥ്യമാക്കിയത്’- എന്ന് ഗെഹ്‍ലോട്ട് പറഞ്ഞു.
















Comments