എറണാകുളം : കഴിഞ്ഞ ദിവസം താമരശ്ശേരിയിൽ നിന്നും തട്ടികൊണ്ട് പോയ ഷാഫിയുടെ വീഡിയോ സന്ദേശം പുറത്ത്. തന്നെ തട്ടിക്കൊണ്ടുപോയത് മോഷ്ടിച്ച സ്വർണ്ണം തിരികെ കിട്ടാനാണെന്നും താനും സഹോദരനും ചേർന്ന് സൗദി രാജകുടുംബത്തിന്റെ 325 കിലോ സ്വർണം മോഷ്ടിച്ച് കടത്തിയെന്നും വീഡിയോയിൽ ഷാഫി വെളിപ്പെടുത്തി. ഇതിന്റെ വിഹിതം ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടുപോയത്. തന്റെ മോചനം ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിട്ട് കാര്യമില്ലെന്നുമാണ് ഷാഫി പറയുന്നത്. ഏകദേശം 80 കോടിയോളം രൂപ വിലമതിക്കുന്ന സ്വർണമാണ് താൻ മോഷ്ടിച്ചതെന്നും ഇയാൾ പറഞ്ഞു.
അജ്ഞാത സംഘത്തിന്റെ തടങ്കലിൽ വച്ച് പകർത്തിയ ഷാഫിയുടെ വീഡിയോ സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. പ്രൊഫഷണൽ കിഡ്‌നാപേഴ്‌സ് എന്ന് പരിചയപ്പെടുത്തിയ സംഘമാണ് ഷാഫിയുടെ വീഡിയോ സന്ദേശം പ്രമുഖ മാദ്ധ്യമത്തിന് കൈമാറിയത്. ഷാഫിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘമാണെന്നാണ് സൂചന.
താമരശേരി പരപ്പൻപൊയിൽ സ്വദേശിയാണ് ഷാഫി. കഴിഞ്ഞ ദിവസമാണ് താമരശ്ശേരിയിൽ നിന്നും ദമ്പതിമാരെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ട് പോയത്. പ്രവാസിയായ ഷാഫിയെയും ഭാര്യയെയുമാണ് തട്ടികൊണ്ട് പോയത്. ഭാര്യയെ പോകുന്ന വഴി ഇറക്കി വിട്ട് ഷാഫിയെ മാത്രമാണ് കൊണ്ടുപോയത്. ഷാഫിക്ക് കോടികളുടെ ഇടപാടുണ്ടെന്നും സൗദിയിൽ നിന്ന് കോടികളുടെ സ്വർണ്ണം തട്ടിയതുമായി ഇതിന് ബന്ധമുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു.
















Comments