ഐശ്വര്യത്തിനായി സമൃദ്ധമായൊരു വിഷുക്കണി ഒരുക്കാം….

Published by
Janam Web Desk

സമ്പൽ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ആഘോഷമാണ് മലയാളികൾക്ക് വിഷു. ഓണം കഴിഞ്ഞാൽ മലയാളികളുടെ പ്രധാന ആഘോഷം വിഷുവാണ്. വിഷുദിനത്തിൽ മലയാളികൾ ഏറ്റവും കൂടുകൽ തിടുക്കം കൂട്ടുന്നതും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും വിഷുക്കണി ഒരുക്കാനാണ്. വിഷുക്കണി ചിട്ടയോടും കൃത്യമായും ഒരുക്കുന്നത് മനസ്സിന് വളരെ സന്തോഷമുള്ള ഒന്നാണ്. മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാം വിഷുവും വരുന്നു. മലയാള മാസം മേടം ഒന്നിന് വിഷുക്കണി ഇല്ലാതെ വിഷു ആഘോഷിക്കുന്നത് ഒരിക്കലും അർത്ഥ പൂർണമാകുന്നില്ല. വിഷു എന്ന് പറയുമ്പോൾ വിഷുക്കണിയും കൈനീട്ടവുമാണ് മലയാളികളുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്നത്.

വീട്ടിലെ പൂജാ മുറിയോ, കഴുകി വൃത്തിയാക്കിയ സ്ഥലമോ കണി ഒരുക്കാനായി തിരഞ്ഞെടുക്കാം. ഓട്ടുരുളിയിലാണ് വിഷുക്കണി ഒരുക്കുന്നത്. ഉരുളിയിൽ മഞ്ഞ പട്ടുവിരിച്ച് അതിൽ ശ്രീകൃഷ്ണന്റെ കേടുപാടുകൾ പറ്റാത്ത കൃഷ്ണ വിഗ്രഹമോ ഉണ്ണികണ്ണന്റെ ചിത്രമോ മാല ചാർത്തി അലങ്കരിക്കണം. അതിനു മുന്നിലായി അഞ്ച് തിരിയിട്ട വിളക്ക് ഒരുക്കി വയ്‌ക്കുക. കേരളത്തിന്റെ തെക്കുഭാഗങ്ങളിൽ കണിയ്‌ക്ക് ശ്രീകൃഷ്ണ വിഗ്രഹം പ്രധാനമാണ്. എന്നാൽ വടക്കുഭാഗത്ത് ശ്രീഭഗവതിയെ സങ്കൽപിച്ച് ഉരുളിയിൽ വാൽക്കണ്ണാടി വയ്‌ക്കുന്നു.

കണി ഒരുക്കുന്ന ഉരുളിയിൽ വെളുത്ത കസവു പുടവ, കണിവെള്ളരി, വെറ്റില, അടയ്‌ക്ക, അരി, നെല്ല്, സ്വർണം, വാൽക്കണ്ണാടി, കണിക്കൊന്ന, കണ്മഷി, ചാന്ത്, സിന്ദൂരം, നാണയം, നാരങ്ങ, മാമ്പഴം, ചക്ക, പഴം, കൈതചക്ക, നാളികേരത്തിന്റെ പാതി എന്നിവയാണ് വിഷുക്കണി ഒരുക്കാൻ ഉപയോഗിക്കുന്നത്. പഴങ്ങളെ കൂടാതെ ധാന്യങ്ങളും കണിയ്‌ക്ക് അലങ്കാരമാകുന്നു. ഗ്രന്ഥം, വലംപിരി ശംഖ്, പൂർണ്ണകുംഭം തുടങ്ങിയവയും കണിയിലെ പ്രധാന ഘടകങ്ങളാണ്. പഴങ്ങളും അതിന് മുകളിലായി കണിക്കൊന്ന പൂവും വെയ്‌ക്കുന്നു. മഹാലക്ഷ്മിയുടെ പ്രതീകമായാണ് കൊന്നപ്പൂവിനെ കണക്കാക്കുന്നത്.

വിഷുദിനത്തിൽ വീട്ടിലെ മുതിർന്ന സ്ത്രീകളാണ് പുലർച്ചെ എഴുന്നേറ്റ് വിളക്ക് കത്തിക്കുന്നത്. മഞ്ഞ പൂക്കളുടെ മുന്നിലായി സ്വർണവെളിച്ചത്തിൽ ഫലങ്ങളും ധാന്യങ്ങളും കണി കാണുമ്പോൾ ഐശ്വര്യപൂർണ്ണമായ ജീവിതത്തിലേക്കാണ് കടക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. കണിക്കണ്ട ശേഷം ഗൃഹനാഥൻ കുടുംബാഗങ്ങൾക്ക് വിഷുക്കൈനീട്ടം നൽകുന്നതൂടെ ധനലക്ഷ്മിയെ ആദരിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്.

Share
Leave a Comment