ഒരിക്കൽ ദേവേന്ദ്രൻ ശത്രുക്കളെ വധിച്ച് വിജയശ്രീലാളിതനായി ഐരാവതം എന്ന നാൽക്കൊമ്പനാനയുടെ പുറത്ത് കയറി സ്വർഗത്തിലെത്തി അപ്പോൾ അവിടെ ഉണ്ടായിരുന്നവരെല്ലാം ജയാരവം മുഴക്കി സ്വീകരിച്ചു. പലരും പല കാഴ്ചവസ്തുക്കളും സമർപ്പിച്ചു. ദേവരാജൻ അവയെല്ലാം സസന്തോഷം സ്വീകരിച്ചു. അത്രിപുത്രനായ ദുർവ്വാസാവ് മഹർഷി ദേവേന്ദ്രന് ദിവ്യമായ ഒരു പുഷ്പം നൽകി. മഹർഷി കാശിയിലെ കാമേശ്വര ലിംഗത്തെ പ്രതിഷ്ഠിച്ച് സ്തുതിച്ചപ്പോൾ ആ ലിംഗത്തിൽ നിന്ന് ഒരു കൂവളത്തിലെ താഴെ വീഴുന്നത് കണ്ടു . മുനി അതെടുത്തു . ആ ദിവ്യമായ പുഷ്പമാണ് ശിവ പ്രസാദമാണെന്ന മനോഭാവത്തോടുകൂടി ദേവേന്ദ്രന് നൽകിയത്. എന്നാൽ ഐശ്വര്യം കൊണ്ട് അഹങ്കരിച്ച ഇന്ദ്രൻ ആ പൂവിന് ഒരു മഹത്ത്വവും നൽകിയില്ല. അതു ശിരസിൽ ധരിക്കാതെ ആനയുടെ മസ്തകത്തിൽ വച്ചു.ആന ശിരസാട്ടിയപ്പോൾ ആ പൂവ് താഴെ വീഴുകയും കാലുകൊണ്ട് ചവിട്ടി മർദ്ദിക്കുകയും ചെയ്തു. ഈ കൃത്യം കണ്ടപ്പോൾ ദുർവ്വാസാവ് കുപിതനായി .അദ്ദേഹം ഇന്ദ്രനേയും അദ്ദേഹത്തിന്റെ വാഹനത്തേയും ഇങ്ങനെ ശപിച്ചു.
“ഞാൻ തന്ന ശിവപ്രസാദത്തെ ആദരിക്കാത്തതുക്കൊണ്ട് പാണ്ഡ്യഭൂപൻ നിന്റെ തല അടിച്ചുടയ്‌ക്കും. പൂവ് നശിപ്പിച്ച നിന്റെ ആന കാട്ടാനയായി ഭൂമിയിൽ സഞ്ചരിക്കും.”
ഈശാപം കേട്ടപ്പോൾ ദേവന്മാർ മഹർഷിയെ പ്രണമിച്ച് സ്തുതിക്കുകയും അപരാധത്തിന് മാപ്പപേക്ഷിക്കുകയും ചെയ്തു. ശിവനിന്ദ ചെയ്താൽ പ്രായശ്ചിത്തം ചെയ്യണമെന്ന് മഹർഷി അറിയിച്ചു. ഭൂലോകശിവലോകം എന്ന് പ്രസിദ്ധിയാർജിച്ച ഹാലാസ്യ ക്ഷേത്രത്തിലെ സ്വയം ഭൂവായ സോമസുന്ദരലിംഗത്തെ ഭക്തിയോടുകൂടി സേവിക്കുന്നവരുടെ ശാപദോഷങ്ങൾ ശമിക്കും. അതിനാൽ ഇന്ദ്രനും ഗജേന്ദ്രനും ഹാലാസ്യനാഥനെ ഭക്തിയോടുകൂടി ആരാധിക്കണം അപ്പോൾ ശാപമോക്ഷം ലഭിക്കും. പാണ്ഡ്യഭൂപൻ, കൃപയാൽ ഇന്ദ്രന്റെ കിരീടം മാത്രമേ ഉടയ്‌ക്കുകയുള്ളൂആന കുറച്ചുകാലം ഭൂമിയിൽ സഞ്ചരിച്ചതിനു ശേഷം ഹാലാസ്യത്തിൽ എത്തി മഹാദേവനെ സേവിച്ച് ശാപമോക്ഷം നേടും. പ്രായശ്ചിത്തമായി മഹർഷി അറിയിച്ചതാണ് ഇതെല്ലാം.
മുനിയുടെ ശാപം പെട്ടെന്ന് ആനയിൽ പ്രകടമായി. മലിനദേഹത്തോടും രണ്ട് കൊമ്പുകളോടും കൂടി ദേവേന്ദ്രന്റെ ആന സാധാരണ ആനയെപ്പോലെ പല കാടുകളിലും സഞ്ചരിച്ചു. ഈശ്വരേഛയാൽ ഹാലാസ്യത്തിലെത്തി. അവിടെയുള്ള ഹേമപത്മാകാരം എന്ന പുണ്യതീർത്ഥത്തിൽ സ്‌നാനം ചെയ്തപ്പോൾ തന്നെ ഗജേന്ദ്രന്റെ ശരീരത്തിൽ മാറ്റം ഉണ്ടായി. ആദ്യം ഉണ്ടായിരുന്ന രൂപം തന്നെ പ്രകടമായി .ശരീരം വെണ്മയുള്ളതായി ഭവിച്ചു . നാല് കൊമ്പുകളും ഉണ്ടായി.ഹേമപത്മാകാരം എന്ന തീർഥത്തിന്റെ മാഹാത്മ്യം കൊണ്ട് ഐരാവതം അതിന്റെ യഥാർത്ഥ രൂപം സ്വീകരിച്ചു. തുമ്പിക്കൈയിൽ ജലം എടുത്ത് ആ തീർത്ഥജലം കൊണ്ട് സുന്ദരേശ്വരലിംഗത്തെ അഭിഷേകം ചെയ്തു. മനസ്സുകൊണ്ട് പുഷ്പാർച്ചന നടത്തുകയും സ്തുതിക്കുകയും ചെയ്തു. വിശ്വകർമാവ് നിർമ്മിച്ച വിമാനത്തിന് എട്ടുഗജങ്ങൾ വാഹകരായി ഉള്ളതുപോലെ തന്നെയും ഉൾപ്പെടുത്തണമെന്ന് ഗജേന്ദ്രൻ പ്രാർത്ഥിച്ചു. പെട്ടെന്ന് മഹാദേവൻ പ്രത്യക്ഷപ്പെട്ടു .ഇന്ദ്രൻ തന്റെ ഭക്തനാണെന്നും ഇന്ദ്രവാഹനമായി അദ്ദേഹത്തെ സേവിച്ചാൽ മതിയെന്നും ഭഗവാൻ അരുളി. തന്നോട് കാരുണ്യം ഉണ്ടാകണമെന്ന് അപേക്ഷിച്ച ആനയെ അനുഗ്രഹിച്ചതിനുശേഷം സുന്ദരേശ്വരഭഗവാൻ മൂലലിംഗത്തിൽ മറഞ്ഞു. ഭൂലോക ശിവലോകം എന്ന് പ്രസിദ്ധമായ ഹാലാസ്യത്തെ ഉപേക്ഷിക്കുവാൻ ഐരാവതത്തിന് വൈമനസ്യം തോന്നി .അതുകൊണ്ട് അവിടെതന്നെ തുടർന്നു ജീവിക്കുവാൻ ആഗ്രഹിച്ചു.മൂലലിംഗത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് കാലുകൊണ്ട് കുഴിച്ച് തീർത്ഥം ഉണ്ടാക്കി .അതിന്റെ കരയിൽ ഗണേശ ബിംബവും ശിവലിംഗവും പ്രതിഷ്ഠിച്ച് പൂജിച്ചു.ആനന്ദസാഗരത്തിൽ ആറാടിക്കൊണ്ട് അവിടെ ജീവിച്ചു. ഐരാവതത്തിന് ശാപമോക്ഷം കിട്ടിയ കാര്യം ഇന്ദ്രൻ അറിഞ്ഞു. ഉടനെ ആഗജേന്ദ്രനെ സ്വർഗത്തിലേക്ക് കൊണ്ടുവരാൻ ദേവന്മാരെ ചുമതലപ്പെടുത്തി.
അങ്ങനെ ഐരാവതം ഇന്ദ്ര വാഹനമായി ജീവിതം നയിച്ചു .ആനയുടെ പാദത്താല്‍ നിര്‍മ്മിച്ച തീര്‍ത്ഥത്തിന് ഗജ പുഷ്കരണി എന്നാണ് നാമധേയം. ഐരാവതം പ്രതിഷ്ഠിച്ച ഗണപതിക്ക് ഗജസ്ഥാപിതഗണേശന്‍ എന്ന നാമം സിദ്ധിച്ചു.ഐരാവതം സഞ്ചരിച്ച വീഥിക്ക് ഗജധാവനവീഥി എ്ന്നാണ് നാമം. ഐരാവതം വസിച്ച സ്ഥലത്തിന്റെ നാമം ഐരാവതപുരം എന്നാണ്. ഇന്നും ഈ നാമങ്ങളാല്‍ പുണ്യ സ്ഥലങ്ങള്‍ ദര്‍ശിക്കുവാന്‍ സാധിക്കും.
സുന്ദരേശ ഭഗവാന്റെ ര്ണ്ടാമത്തെ ലീല ഭക്തിയോടുകൂടി കേള്‍ക്കുകയും ഹ്യദിസ്ഥമാക്കുകയും ചെയുന്നവര്‍ക്ക് ശ്രീ പരമേശ്വരന്റെ ക്യപയാല്‍ രോഗങ്ങളും ശാപദോഷങ്ങളും പാപങ്ങളും നശിക്കുമെന്നാണ് ഫലശ്രുതി. മാത്രമല്ല,ഇഹലോക സുഖവും കൈവരിക്കാന്‍ കഴിയും .
സന്തോഷപൂര്‍വം ആരെങ്കിലും സമ്മാനങ്ങള്‍ നല്‍കുമ്പോള്‍ അവഗണിക്കരുതെന്ന് ഇന്ദ്രന്റെ അനുഭവം മനസ്സിലാക്കുന്നു.അങ്ങനെ ചെയ്യുമ്പോള്‍ നല്‍കുന്ന ആള്‍ക്ക് മനോവിഷമം ഉണ്ടാകുകയും സ്വീകരിക്കുന്ന ആള്‍ക്ക് ദോഷഫലങ്ങള്‍ ഉണ്ടാകുകയും ചെയ്യും. ചെയ്തത് തെറ്റാണെന്നറിയുമ്പോള്‍ ഈശ്വര സ്മരണ ഉണ്ടാകണം. ഭഗവാനോട് മാപ്പ് അപേക്ഷിക്കുകയും വേണം. അപ്പോള്‍ ശുഭമായി ഭവിക്കുമെന്ന് ഗജേന്ദ്രന്റെ കഥയില്‍ നിന്ന് പഠിക്കാം .
അവലംബം: ഭഗവാൻ വേദവ്യാസനാൽ രചിക്കപ്പെട്ട സ്കന്ദ പുരാണത്തിലാണ് ഹാലാസ്യമാഹാത്മ്യം ഉള്ളത്. അതിനെ ഉപജീവിച്ച് ചാത്തുക്കുട്ടി മന്നാഡിയാർ എഴുതിയ ഹാലാസ്യമാഹാത്മ്യം കിളിപ്പാട്ട് ആണ് ഈ ഗദ്യ പരിഭാഷയുടെ അവലംബം.
അടുത്ത ഹാലാസ്യ ലീല -3 -നീപകാനന മാഹാത്മ്യം.
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാത ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക .ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
Comments