വിഷുവിന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് കൈനീട്ടം. കൈനീട്ടം നൽകുന്ന മുതിർന്നവരും സ്വീകരിക്കുന്ന കുട്ടികളും വിഷുദിനത്തിലെ ഒരു സവിശേഷ കാഴ്ച തന്നെയാണ്. എന്നാൽ ആനയ്‌ക്ക് ഒരു കൈനീട്ടം കൊടുക്കുന്നത് ഒരുപക്ഷെ ആദ്യത്തെ കാഴ്ചയായിരിക്കും. കൊമ്പില്ലാകൊമ്പന്മാർ എന്ന് പറയപ്പെടുന്ന മോഴ വിഭാഗത്തിൽപ്പെട്ട ആനയാണ് ഗുരുവായൂർ ദേവസ്വം ബാലകൃഷ്ണൻ. കൊമ്പില്ലാത്തതുകൊണ്ട് തന്നെ മാറ്റിനിർത്തപ്പെട്ട ബാലകൃഷ്ണന് കൃത്രിമമായി വെക്കുന്ന 2 കൊമ്പുകളാണ് വിഷുക്കൈനീട്ടമായി ലഭിച്ചത്.
കായംകുളം സ്വദേശിനിയും ഗുരുവായൂരപ്പന്റെ ഭക്തയുമായ സൂര്യയാണ് നാൽപ്പതിനായിരം രൂപ വിലവരുന്ന കൃത്രിമകൊമ്പുകൾ സംഭാവന ചെയ്തത്. 14 ന് വൈകുന്നേരം 4.30 ന് പുന്നത്തൂർ കോട്ടയിൽ വെച്ച് നടന്ന ചടങ്ങിൽ സൂര്യയുടെ അഭാവത്തിൽ ആനപ്രേമിയായ വിഷ്ണു ദത്ത് മേനോൻ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ വിനയന് കൊമ്പുകൾ കൈമാറി. ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ മായാദേവി, മാനേജർ ലെജുമോൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വർഷങ്ങളായി കെട്ടുംന്തറിയിൽ നിന്നും അഴിക്കാതെ നിന്നിരുന്ന ആനയായിരുന്നു ബാലകൃഷ്ണൻ 6 വർഷം മുൻപ് സുമലാൽ എന്ന ആനക്കാരൻ ചുമതല ഏറ്റെടുത്തതിനു ശേഷമാണ് പൂരപ്പറമ്പുകളിലേക്ക് ബാലകൃഷ്ണന്റെ തിരിച്ചുവരവ് ഉണ്ടായത്. കഴിഞ്ഞ 3 വർഷമായി ബാലകൃഷ്ണൻ ഒരുപാട് എഴുന്നളളിപ്പുകൾക്ക് തിടമ്പേറ്റി. ഇന്ന് വിഷു ദിനത്തിൽ രണ്ട് നേരവും ഭഗവാനെ ശിരസ്സിലേറ്റുന്നതും ബാലകൃഷ്ണനാണ്.
10 അടി ഉയരമുള്ള ആനയാണെങ്കിലും പല പ്രമുഖ പൂരങ്ങൾക്കും ബാലകൃഷ്ണനെ പരിഗണിക്കാതെ പോകുന്നത് കൊമ്പുകൾ ഇല്ല എന്ന കാരണം കൊണ്ടാണ്. അഭിനവ ആനപ്രേമികൾ പലരും കൊമ്പൻ മോഴ എന്ന താരതമ്യം വരുമ്പോൾ ആനപ്രേമം മറന്നു പോകുന്നതും ബാലകൃഷ്ണനെ പോലെയുള്ള നല്ല ആനകളുടെ അവസരങ്ങൾ ഇല്ലാതാക്കുന്നു. ഗുരുവായൂർ ദേവസ്വം ബാലകൃഷ്ണന് കിട്ടിയ വിഷുക്കൈനീട്ടം ഭാവിയിൽ പല പൂരപ്പറമ്പുകളിലും അർഹതപ്പെട്ട സ്ഥാനം ലഭിക്കാൻ ആനയെ പ്രാപ്തനാക്കും എന്ന പ്രതീക്ഷയിലാണ് ആനപ്രേമികൾ.
ആനയ്‌ക്ക് കൈനീട്ടമായി കിട്ടിയ കൃത്രിമകൊമ്പുകൾ നിർമ്മിച്ചത് പറവൂർ സ്വദേശി വിപിൻരാജാണ്. ഈ കൊമ്പുകൾ വെപ്പുകൊമ്പുകളാണെന്ന് തിരിച്ചറിയാൻ തന്നെ സാധിക്കാത്ത വിധം തന്മയത്തോടെയും, ശാസ്ത്രീയമപരമായും നിർമിക്കപ്പെട്ടതാണ്.
Comments