കണ്ണിന് മുന്നിൽ ഇല്ലാത്ത വസ്തുക്കളെ ഉള്ളതായി കാണുന്ന അവസ്ഥയാണ് ചാൾസ് ബോണറ്റ് സിൻഡ്രോം. പ്രായം വർദ്ധിക്കുന്നതനുസരിച്ചുണ്ടാകുന്ന തിമിരവും, നേത്രപടലത്തിനുണ്ടാകുന്ന അപചയവും മൂലം കാഴ്ചനഷ്ടം സംഭവിക്കുന്നതിനെ തുടർന്നാണ് ഇത്തരത്തിലെ ഹാലൂസിനേഷൻ സംഭവിക്കുന്നത്.
ആരോഗ്യമുള്ള കണ്ണുകളാണെങ്കിൽ പ്രകാശം റെറ്റിനയിലൂടെ കാഴ്ചയ്‌ക്കുളള സന്ദേശമായാണ് സാധാരണ തലച്ചോറിൽ എത്തുന്നത്. എന്നാൽ കണ്ണുകളുടെ കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയിൽ റെറ്റിനയിലൂടെ ഇത്തരം സന്ദേശങ്ങൾ കൃത്യമായി എത്തിച്ചേരുന്നില്ല. ഇതിന്റെ ഫലമായി തലച്ചോറിൽ ഇത് വിചിത്ര കാഴ്ചകളായോ ഇല്ലാത്ത കാഴ്ചകളായോ മുൻപ് നാം കണ്ടിട്ടുള്ള ചില കാര്യങ്ങൾ തലച്ചോറിൽ പതിഞ്ഞത് വീണ്ടും കാണുകയോ ആണ് ചെയ്യുന്നത്. അതായത് ശരിയ്‌ക്കുള്ള കാര്യങ്ങൾ അല്ല നാം കാണുന്നത് എന്നർത്ഥം. ഇതാണ് ചാൾസ് ബോണെറ്റ് സിൻഡ്രോം എന്ന പേരിൽ അറിയപ്പെടുന്നത്.
പ്രായമേറുമ്പോൾ കണ്ണുകളിലെ കോശങ്ങൾക്കുണ്ടാകുന്ന മാക്യുലാർ ഡീജെനറേഷൻ, ഗ്ലൂക്കോമ, ഡയബെറ്റിക് റെറ്റിനോപ്പതി എന്നിവയെല്ലാം ഇത്തരം അവസ്ഥയ്‌ക്ക് കാരണമാകുന്നു. ഇല്ലാത്ത കാര്യങ്ങൾ കാണുന്നത് പലരും മാനസികാരോഗ്യവുമായി ബന്ധപ്പെടുത്തിയാണ് കാണുന്നത്. എന്നാൽ വാസ്തവം ഇതല്ല. ഇത് കാഴ്ചശക്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലേയ്‌ക്കാണ് വെളിച്ചം വീശുന്നത്. ഈ പ്രശ്‌നമുള്ളവർക്ക് പലപ്പോഴും രാവിലെയാണ് ഇത്തരം ഇല്ലാക്കാഴ്ചകൾ കാണുന്നത്.
ഇത്തരക്കാർ പ്രധാനമായും കാണുന്നത് കൃത്യമായ ആകൃതിയിലല്ലാത്ത വസ്തുക്കൾ, മൃഗങ്ങൾ, വരകൾ, കുത്തുകൾ പോലുള്ള കാര്യങ്ങൾ, മലകൾ, വെള്ളച്ചാട്ടം പോലുള്ള പ്രകൃതിദൃശ്യങ്ങൾ, കൂടാതെ പ്രാണികൾ, പഴയ കാലത്തെ വേഷം ധരിച്ച ആളുകൾ, ഡ്രാഗൺ പോലുള്ള സങ്കൽപ്പത്തിലെ രൂപങ്ങൾ എന്നിവയാണ്. ബ്ലാക്ക് ആൻഡ് വൈറ്റിലോ മറ്റ് നിറങ്ങളിലോ ഈ രൂപങ്ങൾ പെട്ടെന്നായിരിക്കും കണ്ണുകളിൽ പ്രത്യക്ഷപ്പെടുന്നത്.
കുറച്ചു സമയം മാത്രമായിരിക്കും ഇവയുടെ ആയുസ്സ്. ചില സമയങ്ങളിൽ ഇത് മണിക്കൂറുകളോളം നീണ്ടുപോയെന്നും വരാം. ഇവ ചലിയ്‌ക്കുന്നതായോ അല്ലെങ്കിൽ ഒരിടത്ത് തന്നെ ഉറച്ച് നിൽക്കുന്നതായോ തോന്നുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ കാഴ്ചയുടെ 60 ശതമാനത്തിലധികം നഷ്ടപ്പെടുമ്പോഴാണ് ഇത്തരം ഹാലൂസിനേഷൻ സംഭവിക്കുന്നത്. കണ്ണുകളിൽനിന്നും തലച്ചോറിലേക്കുള്ള സന്ദേശങ്ങൾ തടയപ്പെടുന്നതിന്റെ ഭാഗമായാണ് യാഥാർഥ്യമല്ലാത്തതിനെ കാണുന്നതായി അനുഭവപ്പെടുന്നത്. ആവശ്യത്തിന് വിശ്രമവും , രാത്രികാലങ്ങളിലെ കൃത്യമായ ഉറക്കവുമാണ് ഡോക്ടർമാർ ഇതിനു പരിഹാരമായി നിർദ്ദേശിക്കുന്നത്. നല്ല വെളിച്ചമുള്ള ബൾബുകളും , മാഗ്നിഫയിങ് ഉപകരണങ്ങളും ഉപയോഗിക്കുന്നത് കണ്ണുകളുടെ ശരിയായ പരിപാലനത്തെ സഹായിക്കും.
















Comments