മുംബൈ: മുംബൈയിൽ മഹാരാഷ്‌ട്ര ഭൂഷൺ അവാർഡ് ദാന ചടങ്ങിനിടെ സൂര്യാഘാതമേറ്റ് മരിച്ച പതിനൊന്ന് പേരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ചികിത്സയിൽ കഴിയുന്ന ആളുകളുടെ മുഴുവൻ ചികിത്സാ ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ഇത് വളരെ അപ്രതീക്ഷിതവും വേദനാജനകവുമായ സംഭവമാണ്. സൂര്യാഘാതമേറ്റ് മരിച്ച വർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ ഞാൻ കാമോത്തെ എംജിഎം ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്നവരോടും ഡോക്ടർമാരോടും സംസാരിച്ചു. ഈ നിർഭാഗ്യകരമായ സംഭവത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകും. ചികിത്സയിൽ കഴിയുന്ന ആളുകളുടെ മുഴുവൻ ചികിത്സാചെലവും സർക്കാർ വഹിക്കുമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആളുകളുടെ ചികിത്സ നിരീക്ഷിക്കുകയും അഡ്മിനിസ്ട്രേഷനും ഡോക്ടർമാർക്കും ഉചിതമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. ”മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഷിൻഡെ ട്വീറ്റ് ചെയ്തു. മഹാരാഷ്‌ട്ര ഭൂഷൺ അവാർഡ് ദാന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഡെപ്യൂട്ടി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരും പങ്കെടുത്തു. ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് അവാർഡുകൾ വിതരണം ചെയ്തത്.
Comments