ലണ്ടൻ : ബ്രിട്ടണിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നടന്ന ഖാലിസ്ഥാൻ ആക്രമണത്തിൽ എൻഐഎ അന്വേഷണം നടത്തും. ആഭ്യന്തരമന്ത്രാലയം അനുവദിച്ചതോടെയാണ് കേസ് എൻഐഎ ഏറ്റെടുത്തത്. ഇതിന് മുൻപ് ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെല്ലാണ് അന്വേഷണം നടത്തിയിരുന്നത്. കേസിന്റെ എഫ്‌ഐആർ നൽകാനും എൻഐഎ സ്‌പെഷ്യൽ സെല്ലിനോട് ആവശ്യപ്പെട്ടു.
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നടന്ന ആക്രമണത്തെ കുറിച്ച് ആഭ്യന്തര മന്ത്രാലയം യുകെ സർക്കാരുമായി സംസാരിച്ചിരുന്നു. ഇന്ത്യ-യുകെ ആഭ്യന്തര ചർച്ചയിൽ ഖാലിസ്ഥാൻ ഭീകരവാദത്തെ കുറിച്ച് ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്തു. ന്യൂഡൽഹിയിൽ നടന്ന ചർച്ചയിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയും യുകെ ഹോം ഓഫീസ് സെക്രട്ടറി മാത്യു റൈക്രോഫ്റ്റും പങ്കെടുത്തു. ബ്രിട്ടനിൽ നടക്കുന്ന ഖാലിസ്ഥാനി പ്രവർത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും നടപടിയെടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഖാലിസ്ഥാനി പ്രവർത്തകർ ഇന്ത്യയിൽ തീവ്രവാദ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നതായും ഇന്ത്യ പറഞ്ഞു. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിലെ സഹകരണം, സൈബർ സുരക്ഷ, മയക്കുമരുന്ന് കടത്ത്, കുടിയേറ്റം, യുകെയിലെ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ സഹകരണം എന്നിവയിൽ ഇരുരാജ്യങ്ങളും ചർച്ച നടത്തി. ഇന്ത്യയിലെ തീവ്രവാദ പ്രവർത്തനങ്ങളെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും ഖാലിസ്ഥാൻ അനുകൂല ഘടകങ്ങൾ യുകെ അഭയം പ്രാപിക്കുന്നതിലും യുകെ പൗരത്വം ദുരുപയോഗം ചെയ്യുന്നതിലുമുള്ള പ്രതിഷേധം ഇന്ത്യ അറിയിച്ചു.
















Comments