ജയ്പൂർ: കോൺഗ്രസിലെ ഉൾപാർട്ടിപോര് പാർട്ടിയുടെ തകർച്ചയ്‌ക്ക് വഴിവെക്കുമെന്ന് രാജസ്ഥാൻ പ്രതിപക്ഷനേതാവ് രാജേന്ദ്ര റാത്തോഡ്. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും സർക്കാരാണ് രാജസ്ഥാനിലുള്ളത്. എന്നാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ മാത്രം ലക്ഷ്യമിട്ടാണ് നിലവിൽ കോൺഗ്രസിന്റെ യോഗങ്ങൾ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ കോൺഗ്രസിൽ ആഭ്യന്തര കലഹം അതിന്റെ പാരമ്യത്തിലാണ്. ഇത്തരമൊരു സാഹചര്യം പാർട്ടിയെയും സർക്കാരിനെയും സ്വാഭാവികമായ തകർച്ചയിലേക്ക് എത്തിക്കും. കോൺഗ്രസ് നേതൃത്വം ഒരു സംഘത്തെ ജയ്പൂരിലേക്ക് അയച്ചുവെന്നും എന്നാൽ ഇവർക്ക് ജനങ്ങളുടെ പ്രശ്നങ്ങളെ തിരിച്ചറിയാനുള്ള കഴിവില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇപ്പോൾ തിരഞ്ഞെടുപ്പിനെ മുൻനിർത്തിയാണ് പാർട്ടി പ്രവർത്തിക്കുന്നതെന്നും റാത്തോഡ് ആരോപിച്ചു. കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെ നിരാഹാര സമരത്തെയും അദ്ദേഹം വിമർശിച്ചു.
കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വത്തിൽ നിന്ന് അശോക് ഗെഹ്ലോട്ട് മാറുന്നതിനായി കഴിഞ്ഞ വർഷം ചർച്ച നടന്നിരുന്നു. എന്നാൽ അദ്ദേഹം നേതൃത്വത്തിൽ നിന്ന് മാറിയില്ല.തുടർന്നാണ് ഇന്നത്തെ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്.
Comments