ഇന്ത്യയിലെ ഏറ്റവും സന്തുഷ്ടമായ സംസ്ഥാനം ഏതാണെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറാം ആണ് ഈ ബഹുമതിക്ക് അർഹമായത്. കുടുംബ ബന്ധങ്ങൾ, തൊഴിൽ സംബന്ധിച്ച പ്രശ്‌നങ്ങൾ, സാമൂഹ്യപരമായ പ്രശ്‌നങ്ങൾ, മതം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കൊറോണാനന്തര പ്രശ്‌നങ്ങൾ, ശാരീരികവും മാനസികവുമായ ആരോഗ്യം എന്നീ കാര്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
ഗുരുഗ്രാമിലെ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസറായ രാജേഷ് കെ. പില്ലാനിയ ആണ് പഠനം നടത്തിയത്. സംസ്ഥാനത്തെ ഓരോ കുട്ടിയും വളരെ ചെറിയ പ്രായം മുതൽ സമ്പാദിക്കാൻ പ്രാപ്തി നേടിയവരാണെന്ന് പഠനത്തിലൂടെ കണ്ടെത്തി. അവർ ഒരു ജോലിയെയും ചെറുതായി കണക്കാക്കുന്നില്ല. 16-17 വയസിനുള്ളിൽ തന്നെ കുട്ടികൾ ഒരു തൊഴിൽ കണ്ടെത്തുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമിടയിൽ വിവേചനമില്ല. 100 ശതമാനം സാക്ഷരത നേടുന്ന രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം കൂടിയാണ് മിസോറാം.
ഹൈസ്‌കൂൾ തലത്തിലെ അദ്ധ്യാപകർ പതിവായി അവരുടെ വിദ്യാർത്ഥികളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും തമ്മിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുന്നുണ്ടോയെന്ന കാര്യം അന്വേഷിക്കുകയും അത്തരം പ്രശ്‌നങ്ങൾക്ക് സ്‌കൂളിൽ നിന്ന് തന്നെ പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു. അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും രക്ഷിതാക്കളോടോ അദ്ധ്യാപകരോടോ പങ്കുവയ്‌ക്കാൻ തയ്യാറായ കുട്ടികളാണെന്നതാണ് സംസ്ഥാനത്തിന്റെ മറ്റൊരു പ്രത്യേകത.
മിസോറാമിനെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, വേർപിരിഞ്ഞ് കഴിയുന്ന മാതാപിതാക്കളുടെ എണ്ണം കൂടുതലാണ്. എന്നിരുന്നാലും അമ്മമാരായ സ്ത്രീകൾ തൊഴിൽ ചെയ്യുന്നതിനാൽ കുടുംബം പുലർത്താൻ മറ്റ് പ്രയാസങ്ങൾ അവർ നേരിടുന്നില്ല. മാത്രവുമല്ല, സാമ്പത്തിക സ്വാതന്ത്ര്യമുള്ളതിനാൽ വിദ്യാർത്ഥികളും ചെറിയ പ്രായം മുതൽക്കെ സ്വയം പര്യാപ്തരാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
Comments