വിഷുവെന്നാൽ മലയാളികൾക്ക് ഒരു വികാരമാണ്.അതിന് അറബി നാട്ടിലും മാറ്റം ഒന്നുമില്ല. ഗൃഹാതുരത്വത്തിന്റെ ഓർമകളോടെ കണി കണ്ടും വിഷു കൈനീട്ടം നൽകിയുമെല്ലാം മലയാളി വിഷു ആഘോഷം കെങ്കേമമാക്കിയത് പോലെ തന്നെയായിരുന്നു അറബിനാട്ടിലെ വിഷു ആഘോഷങ്ങളും. ഓർമച്ചെപ്പിൽ ഒട്ടും മങ്ങാതെ സൂക്ഷിക്കുന്ന വിഷു ആഘോഷത്തെ പ്രവാസമണ്ണിൽ പൊടി തട്ടിയെടുക്കുകയായിരുന്നു മലയാളികൾ.
സാധാരണ ഏപ്രിൽ 14-നാണ് വിഷു എത്തുന്നത്. എന്നാൽ ഇതവണയെത്തിയത് ഒരു ദിവസം കൂടി കഴിഞ്ഞാണ്. അത് പ്രവാസികൾക്ക് അനുഗ്രഹമായി മാറി. വാരാന്ത്യ അവധി കൂടി ഒരുമിച്ചെത്തിയതിനാൽ കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും വിഷു ആസ്വദിച്ച് ആഘോഷിക്കാനായി. മറുനാട്ടിലാണെങ്കിലും കൊന്നപ്പൂവും കണിവെള്ളരിയും ധാന്യങ്ങളുമെല്ലാം പരമാവധി സംഘടിപ്പിച്ചു മലയാള തനിമയോടെ തന്നെയായിരുന്നു വിഷുവാഘോഷം. വിഷുക്കണി കണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും പാതി നിറച്ച്, കൂടെ അലക്കിയ മുണ്ടും പൊന്നും വാൽക്കണ്ണാടിയും കണിവെള്ളരിയും കണിക്കൊന്നയും പഴുത്ത അടയ്‌ക്കയും വെറ്റിലയും കണ്മഷി, ചാന്ത്, സിന്ദൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും നാളികേരപാതിയും ശ്രീകൃഷ്ണന്റെ വിഗ്രഹവുമൊക്കെ വെച്ച് മുതിർന്നവർ മനോഹരമായ കണിയൊരുക്കി.
കണി ഒരുക്കേണ്ട സാധനങ്ങൾ എല്ലാം നാട്ടിൽ നിന്നും ദിവസങ്ങൾക്ക് മുൻപ് തന്നെ എത്തിയതിനാൽ തനത് രീതിയിൽ തന്നെ കണി ഒരുക്കാൻ പ്രവാസികൾക്ക് സാധിച്ചു.മുൻകാലങ്ങളിൽ ഇവയൊന്നും പ്രവാസലോകത്ത് ലഭ്യമല്ലായിരുന്നെങ്കിൽ ഇന്ന് സൂപ്പർമാർക്കറ്റിലെത്തിയാൽ ഇവയെല്ലാം യഥേഷ്ടം ലഭിക്കും. കുട്ടികൾ രാവിലെ തന്നെ കുളിച്ചൊരുങ്ങി പുത്തൻ വസ്ത്രമണിഞ്ഞ് മുതിർന്നവരിൽ നിന്ന് കൈനീട്ടം വാങ്ങി.കുടുംബക്കാരും സുഹൃത്തുക്കളും ഒത്തുചേരുന്ന ആഘോഷം കൂടിയാണ് വിഷു.അതുകൊണ്ട് തന്നെ സുഹൃത്തുക്കളെയും ബന്ധുക്കളെയും വീട്ടിലേക്ക് ക്ഷണിച്ച് വിപുലമായ രീതിയിൽ തന്നെ പലരും വിഷു ആഘോഷമാക്കി.വിഷുക്കണിയും വിഷുക്കൈനീട്ടവും കഴിഞ്ഞാൽ പിന്നെ സദ്യവട്ടമാണ്.
ഉപ്പു തൊട്ട് കർപ്പൂരം വരെ പച്ചക്കറികൾ ഉൾപ്പെടെ നാട്ടിൽ നിന്നും വരുന്നതു കൊണ്ട് വിഭവവ സമൃദ്ദമായ സദ്യയൊരുക്കാനും ടെൻഷനുണ്ടായില്ല.പഴം പച്ചക്കറി ചന്തകളിലും മാളുകളിലും ഇതിനായുള്ള തിരക്ക് ദൃശ്യമായിരുന്നു. വിഷു സദ്യ കേമമാക്കി ഏവരും വിഭവങ്ങൾക്കൊന്നും ഒരു കുറവും വരുത്തിയില്ല.വാരാന്ത്യ അവധി ആയതിനാൽ ദീർഘ ദൂര യാത്രകൾക്ക് പദ്ധതിയിട്ട് വരും കുറവല്ല.പ്രവാസികളുടെ വിഷു ആഘോഷം വിഷു ദിനം കൊണ്ട് അവസാനിക്കുന്നില്ല.വിവിധ മലയാളി സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിഷു ആഘോഷങ്ങൾ ആഴ്ചകളും മാസങ്ങളും നീളും.
Comments