ലക്നൗ: സർക്കാർ വകുപ്പുകളിൽ നൂറ് ശതമാനം ഇലക്ട്രിക് വാഹനങ്ങളുള്ള ആദ്യ സംസ്ഥാനമായി മാറാൻ യുപി ഒരുങ്ങുന്നു. ഉത്തർപ്രദേശിൽ വൈദ്യുത വാഹനങ്ങളുടെ വിൽപ്പനയും ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാർ ലക്ഷ്യം വെച്ചിരിക്കുന്നത്. ഇതിനായി എല്ലാ സർക്കാർ വകുപ്പുകൾക്കും ടെൻഡർ കൂടാതെ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാമെന്നും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. 2030-ന് മുൻപ് ഈ ലക്ഷ്യം കൈവരിക്കുന്നതിലൂടെ സർക്കാർ വകുപ്പുകളിൽ 100 ശതമാനം ഇലക്ട്രിക് വാഹനങ്ങളുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തർപ്രദേശിന് മാറാൻ കഴിയുമെന്ന് പ്രസ്താവനയിലൂടെ യുപി സർക്കാർ അറിയിച്ചു.
സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി യുപി സർക്കാർ ഇലക്ട്രിക് വെഹിക്കിൾ മാനുഫാക്ചറിംഗ് ആൻഡ് മൊബിലിറ്റി പോളിസി 2022 ഒക്ടോബർ 14-ന് വിജ്ഞാപനം ചെയ്തിട്ടുണ്ട്. കൂടാതെ മൂന്ന് വർഷത്തേക്ക് റോഡ് ടാക്സ്, രജിസ്ട്രേഷൻ ഫീസ് എന്നിവയിൽ 100 ശതമാനം വരെ ഇളവ് നൽകാൻ യോഗി സർക്കാർ തീരുമാനിച്ചു. ഇ വി പോളിസി പ്രകാരം 2030-ഓടെ സർക്കാരിന്റെ മുഴുവൻ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റണമെന്ന് എല്ലാ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
സർക്കാർ വാഹനങ്ങൾ ജിഇഎം പോർട്ടലിലൂടെ ടെൻഡർ വഴിയാണ് വാങ്ങുന്നത്.ഇവി കമ്പനികൾ ഇതിൽ രജിസ്റ്റർ ചെയ്യാറില്ല. അതുകൊണ്ടാണ് രാജസ്ഥാൻ ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റ് ലിമിറ്റഡ്, എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് തുടങ്ങിയ സർക്കാർ ഏജൻസികളിൽ നിന്ന് ടെൻഡർ കൂടാതെ വാഹനങ്ങൾ വാങ്ങുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്ക് നിലവിൽ പെട്രോൾ-ഡീസലിനേക്കാൾ വില കൂടുതലായതിനാൽ വാഹനങ്ങൾ വാങ്ങുന്നതിനുള്ള തുകയുടെ ഉയർന്ന പരിധിയിൽ സർക്കാർ ഇളവ് നൽകിയിട്ടുണ്ട്.
Comments