ദിസ്പൂർ: അസാമിലെ ഗുവാഹത്തി കാമാഖ്യ ക്ഷേത്രത്തിൽ ഇടനാഴി നിർമ്മിക്കുന്നതായി സംസ്ഥാന സർക്കാർ അറിയിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മയുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇടനാഴിയുടെ നിർമ്മാണത്തെകുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. വരാനിരിക്കുന്ന ഇടനാഴിയുടെ വീഡിയോയും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു.
വരാനിരിക്കുന്ന ഇടനാഴിയെ സുപ്രധാന പദ്ധതിയെന്ന് പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കാമാഖ്യ ക്ഷേത്രത്തിലെ ഇടനാഴി ചരിത്രത്തിൽ തന്നെ ഒരു നാഴികക്കല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇടനാഴി നടപ്പിലാക്കുന്നതോടെ വിനോദസഞ്ചാര മേഖലയ്‌ക്ക് കൂടുതൽ ഉത്തേജനം നൽകുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇടനാഴി നിർമ്മിക്കാനായി ക്ഷേത്രത്തിന് ചുറ്റമുള്ള സ്ഥലം 3,000 ചതുരശ്ര അടിയിൽ നിന്ന് 100,000 ചതുരശ്ര അടിയായി വികസിപ്പിക്കുകയും ചെയ്യും. നിലവിൽ പ്രവേശന ഇടനാഴിയുടെ ശരാശരി വീതി 8 മുതൽ 10 അടി വരെയാണ്. ഇടനാഴി വരുന്നതോടുകൂടി 27 മുതൽ 30 അടിയായി കൂട്ടും. ക്ഷേത്രത്തിൽ നടക്കുന്ന അംബുബാച്ചി മേളയിലും ഉത്സവങ്ങളിലുമായി ഏകദേശം 10,000 തീർത്ഥാടകരെ ഉൾക്കൊള്ളിക്കാനുള്ള നവീകരണമാണ് നടപ്പിലാക്കുന്നത്. തീർത്ഥാടന കേന്ദ്രം, ഗസ്റ്റ് ഹൗസ്, അരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയുടെ സജ്ജീകരണ പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കുന്നുണ്ട്.
















Comments