എറണാകുളം: ലൈഫ് മിഷൻ കള്ളപ്പണ ഇടപാട് കേസിൽ എം ശിവശങ്കറിനെ ഒന്നാം പ്രതിയാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. രണ്ടാം പ്രതി സ്വപ്‌ന സുരേഷാണ്. കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു.
കള്ളപ്പണ ഇടപാടിലെ സൂത്രധാരൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. കേസിൽ ശിവശങ്കറിനെയും സന്തോഷ് ഈപ്പനെയും മാത്രമാണ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെ അറസ്റ്റിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. കുറ്റപത്രത്തിന്റെ പരിശോധനയ്‌ക്ക് ശേഷം പ്രതികൾക്ക് സമൻസ് അയക്കും.
യുഎഇ കോൺസുലേറ്റിലെ മുൻ അക്കൗണ്ട് ഖാലിദിനെതിരെ വാറണ്ട് പുറപ്പെടുവിക്കുമെന്ന ആവശ്യവും ഇഡി കോടതിയിൽ ഉന്നയിച്ചു. സ്വപ്‌ന അടക്കമുള്ള പ്രതികളുടെ അറസ്റ്റ് ഉണ്ടാകില്ലെന്നാണ് വിവരം. കേസിൽ 11 പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
എന്തുകൊണ്ട് സ്വപ്‌ന സുരേഷിനെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ഹൈക്കോടതി ചോദ്യം ഉന്നയിച്ചിരുന്നു. ശിവശങ്കറിന്റെ ജാമ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് സ്വപ്‌ന കള്ളപ്പണക്കേസിലെ പ്രധാന കണ്ണിയാണെന്നും അറസ്റ്റ് ചെയ്യാത്തത് എന്താണെന്നും കോടതി ചോദിച്ചത്.
Comments