തിരുവനന്തപുരം: വന്ദേ ഭാരത് എക്‌സ്പ്രസ് യാത്രാ സർവീസ് ഈ മാസം തന്നെയുണ്ടാകുമെന്ന് റിപ്പോർട്ട്. റെയിൽവേ ബോർഡ് ഉടൻ തന്നെ ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കും. ഏപ്രിൽ 25-നാണ് പ്രധാനമന്ത്രി വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനം നിർവഹിക്കുക. 26-ന് സർവീസ് നടത്തില്ല. 27 അല്ലെങ്കിൽ 28-ന് സർവീസ് നടത്താനാണ് തീരുമാനം. ഇതിനായി ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം മുതൽ കാസർകോട് വരെയാണ് വന്ദേ ഭാരതിന്റെ റൂട്ട്. രാവിലെ 5.10-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്‌ക്ക് 1.15-ന് കാസർകോട് എത്തിച്ചേരും വിധമാണ് ട്രെയിനിന്റെ സമയക്രമം. തിരികെ ഉച്ചയ്‌ക്ക് 2.15-ന് പുറപ്പെട്ട് രാത്രി 10.30-ന് തിരുവനന്തപുരത്ത് എത്തിച്ചേരും. വന്ദേ ഭാരതിന്റെ സമയക്രമം നിശ്ചയിക്കുമ്പോൾ മറ്റ് പല ട്രെയിനുകളുടെയും സമയക്രമത്തിൽ വ്യത്യാസമുണ്ടാകും. വന്ദേ ഭാരതിന്റെ സമയക്രമം സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയ ശേഷം മറ്റ് ട്രെയിനുകളുടെ സമയമാറ്റം റെയിൽവേ പ്രസിദ്ധീകരിക്കും.
തിരുവനന്തപുരത്ത് നിന്ന് ഏഴ് മണിക്കൂർ 10 മിനിറ്റ് കൊണ്ടാണ് വന്ദേ ഭാരത് കണ്ണൂരിലെത്തിയത്. പിന്നീട് വന്ദേ ഭാരത് കാസർകോട് വരെ നീട്ടുന്നതായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് നടത്തിയ രണ്ടാം പരീക്ഷണയോട്ടത്തിൽ വന്ദേ ഭാരത് എക്‌സ്പ്രസ് ഏഴ് മണിക്കൂർ 50 മിനിറ്റെടുത്ത് കാസർകോടെത്തി. ബിജെപി പ്രവർത്തകരടക്കമുള്ളവർ വൻ ആഘോഷത്തോടെയാണ് വന്ദേ ഭാരതിനെ സ്വാഗതം ചെയ്തത്. വിവിധ മേഖലകളിൽ എടുക്കാൻ കഴിയുന്ന വേഗം പരിശോധിക്കുക, പാളത്തിൻരെ ക്ഷമത വിലയിരുത്തുക തുടങ്ങിയവയായിരുന്നു പരീക്ഷണയാത്രയുടെ ലക്ഷ്യം.
Comments