കുട്ടികളുമായി യാത്ര ചെയ്യുന്നത് അത്ര എളുപ്പമല്ലെന്ന് മിക്കവർക്കും അറിയാം. അത്തരമൊരു സാഹചര്യത്തിൽ ലഗേജും കുട്ടിയെയും പിടിക്കാൻ ബുദ്ധിമുട്ടുന്ന ഒരു യുവതിയ്‌ക്ക് സഹായവുമായെത്തിയിരിക്കുകയാണ് ഒരു തമിഴ് നടൻ. ഇപ്പോഴിതാ ലണ്ടനിൽ നിന്നുള്ള താരത്തിന്റെ ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. അതിൽ അദ്ദേഹത്തിനൊപ്പം ഒരു സ്ത്രീയും, കുഞ്ഞുമുണ്ട്.
ഏറെ ആരാധകരുള്ള അജിത് കുമാർ എന്ന തല അജിത്താണ് ആ താരം. 10 മാസം പ്രായമുള്ള കുഞ്ഞിനോടൊപ്പം തനിച്ച് ഏറെ ബുദ്ധിമുട്ടി യാത്ര ചെയ്യുകയായിരുന്ന യുവതിയ്‌ക്ക് ലഗേജ് ചുമന്ന് പുറത്തെത്തിച്ച് നൽകിയിരിക്കുകയാണ് അദ്ദേഹം. യുവതിയുടെ ബുദ്ധിമുട്ട് നേരിൽ കണ്ടതോടെയാണ് അജിത് യുവതിയെ സഹായിച്ചത്. യുവതിയുടെ ഭർത്താവ് തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. കുറിപ്പിനൊപ്പം അജിതിനോടൊപ്പമുള്ള യുവതിയുടെയും കുട്ടിയുടെയും ചിത്രവും പങ്കുവച്ചിട്ടുണ്ട്. തല അജിത്തിന്റെ സഹായത്തിന് നന്ദി അറിയിക്കുകയും അദ്ദേഹത്തിന്റെ പെരുമാറ്റത്തെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട് പോസ്റ്റിൽ.
‘എന്റെ ഭാര്യ ഗ്ലാസ്ഗോയിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്നു. 10 മാസം പ്രായമുള്ള കുഞ്ഞിനൊപ്പം അവൾ തനിച്ചായിരുന്നു. ഇതിനിടയിൽ നടൻ അജിത് കുമാറിനെ കാണാൻ അവസരം ലഭിച്ചു. സ്യൂട്ട്കേസും കുട്ടിയുമായി അവൾ താരത്തെ കാണാനെത്തി. എന്നാൽ അദ്ദേഹം ഒപ്പം ചിത്രം എടുക്കുക മാത്രമല്ല എന്റെ ഭാര്യയെ സഹായിക്കുകയും ചെയ്തു. അദ്ദേഹം ഞങ്ങളുടെ സ്യൂട്ട്‌കേസ് പിടിച്ചു. ഭാര്യ നിരവധി തവണ വിലക്കിയെങ്കിലും എനിക്കും രണ്ടു കുട്ടികളുണ്ട്. എനിക്ക് മനസ്സിലാക്കാൻ കഴിയും ഈ ബുദ്ധിമുട്ടുകളെന്നും അദ്ദേഹം പറഞ്ഞു. അവളുടെ ബാഗുകൾ വിമാനത്തിന്റെ ക്യാബിനിൽ ശരിയായി വച്ചിട്ടുണ്ടെന്ന് അദ്ദേഹം ഉറപ്പുവരുത്തി. ഭാര്യയെ സഹായിക്കാൻ ക്യാബിൻ ക്രൂവിനോടും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.’- യുവതിയുടെ ഭർത്താവ് കുറിപ്പിൽ പറയുന്നു.
കുറിപ്പിന് താഴെ നിരവധിപ്പേരാണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.അജിത് കുമാർ ശരിക്കും ഒരു സുവർണ്ണ ഹൃദയമുള്ള ഒരു മനുഷ്യനാണ്. അദ്ദേഹം വലിയ മനസ്സിനുടമയാണ്, അദ്ദേഹത്തിന്റെ പ്രവർത്തി ഹൃദയം കീഴടക്കിക്കളഞ്ഞു എന്നൊക്കെയുള്ള കമന്റുകളാണ് ഏറെയും.
Comments