അയോദ്ധ്യ : അയോദ്ധ്യ രാമക്ഷേത്രം സന്ദർശിച്ച് രാമായണം സീരിയലിലെ ശ്രീരാമന്റെ ക്ലാസിക് കഥാപാത്രത്തെ അവതരിപ്പിച്ച അരുൺ ഗോവിൽ. ഇന്ന് രാവിലെ കുടുംബാംഗങ്ങൾക്കൊപ്പമാണ് രാമക്ഷേത്രം സന്ദർശിച്ചത്. അദ്ദേഹം ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചു. തുടർന്ന് ക്ഷേത്രത്തിലെ സന്യാസിമാരെ കാണുകയും ചെയ്തു.

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു. രാമക്ഷേത്രം നിർമിക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. രാമാനന്ദ് സാഗറിന്റെ രാമായണം സീരിയലിൽ ഭഗവാൻ ശ്രീരാമന്റെ ക്ലാസിക് കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് അരുൺ ഗോവിൽ. ഈ കഥാപാത്രത്തിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കാൻ അരുൺ ഗോവിലിന് കഴിഞ്ഞിരുന്നു.
1987ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത രാമായണം ഇന്ത്യൻ ജനതയെ ആഴത്തിൽ സ്വാധീനിച്ച ടെലിവിഷൻ പരമ്പരയായിരുന്നു. ജാതിമത ഭേദമില്ലാതെ ഏവരും ടിവിക്ക് മുന്നിൽ ആകാംക്ഷയോടെ കാത്തിരുന്ന് രാമായണം കണ്ടിരുന്ന ആ കാലത്ത്, പരമ്പരയിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടന്മാരെ ഈശ്വര തുല്യമായാണ് പ്രേക്ഷകർ കണ്ടിരുന്നത്. അക്കാലത്ത്, സ്ക്രീനിൽ ശ്രീരാമനെ കാണിക്കുന്ന രംഗങ്ങളിൽ വീടുകളിൽ ‘ജയ് ശ്രീറാം‘ ഘോഷങ്ങൾ മുഴങ്ങുകയും ചന്ദനത്തിരിയും കർപ്പൂരവുമൊക്കെ ഉഴിയുകയും ചെയ്തിരുന്നു.
പരമ്പരയിൽ ശ്രീരാമനായി അഭിനയിച്ച അരുൺ ഗോവിലിനും സീതയുടെ വേഷം ചെയ്ത ദീപിക ചിഖാലിയക്കും ദൈവീക പരിവേഷമാണ് ആബാലവൃദ്ധം ജനങ്ങളും നൽകിയിരുന്നത്. ആ ആരാധന താരങ്ങളോട് ഇന്നും കാത്ത് സൂക്ഷിക്കുന്നവർ നിരവധിയാണ്.
Exactly 35 years ago, Ramayan aired for the first time in 1987.
Arun Govil played the role of Shri Ram. He is now 64 years old. pic.twitter.com/3jYE9Xe6yi
— Anshul Saxena (@AskAnshul) October 1, 2022
കഴിഞ്ഞ വർഷം ശ്രീരാമ വേഷം ചെയ്ത അരുൺ ഗോവിലിന് വിമാനത്താവളത്തിൽ വെച്ചുണ്ടായ അനുഭവം ഇതിന് ഉദാഹരണമാണ്. മഹാരാഷ്‌ട്രയിലെ സംഭാജിനഗർ വിമാനത്താവളത്തിലെത്തിയ അരുൺ ഗോവിലിനെ ഈ പ്രായത്തിലും ഒരു സ്ത്രീ തിരിച്ചറിഞ്ഞു. ഭഗവാൻ ശ്രീരാമനെ നേരിട്ട് കണ്ട ഭാവത്തിൽ അവർ അദ്ദേഹത്തിന്റെ സമീപമെത്തി മുട്ടു കുത്തുകയും പാദങ്ങളിൽ സ്പർശിക്കുകയും ചെയ്തു. ശ്രീരാമനോട് ഇത്രയേറെ ഭക്തി മനസ്സിൽ സൂക്ഷിക്കുന്ന ആ സ്ത്രീയെ ആദരപൂർവ്വം പിടിച്ച് എഴുന്നേൽപ്പിച്ച്, അവരെ ഷാൾ അണിയിക്കുന്ന അരുൺ ഗോവിലിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. രാമാനന്ദ് സാഗറിന്റെ രാമായണം 2020ൽ ലോക്ക്ഡൗൺ കാലത്ത് ദൂരദർശൻ പുനസംപ്രേക്ഷണം ചെയ്തിരുന്നു. വലിയ പ്രേക്ഷപ്രീതി നേടിയ പരമ്പര അക്കാലത്തും റേറ്റിംഗ് ചാർട്ടുകളിൽ മുൻപന്തിയിലായിരുന്നു.
Comments