ചൂടേറി വരുന്ന സാഹചര്യമാണുള്ളത്. പകൽ സമയത്ത് വെയിൽ ഏൽക്കരുതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യത്തിലും ശ്രദ്ധ പുലർത്തേണ്ടത് അനിവാര്യമാണ്. ഭക്ഷണകാര്യത്തിലും ഏറെ ശ്രദ്ധ പുലർത്തണം. ശരീരത്തിലെ ജലാംശം നിലനിർത്തേണ്ടത് മുഖ്യമാണ്.
ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഇല്ലെങ്കിൽ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. നിർജ്ജലീകരണമുണ്ടായാൽ ശരീരത്തിലെ താപനില നിയന്ത്രിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകും. അതുവഴി അമിത ക്ഷീണത്തിനും കാരണമാകും. ഇടയ്‌ക്കിടെ വെള്ളം കുടിയ്‌ക്കാൻ ശ്രദ്ധിക്കണം. ദിവസം രണ്ടര ലിറ്റർ മുതൽ മൂന്ന് ലിറ്റർ വരെ വെള്ളം കുടിക്കാം. നാരങ്ങാവെള്ളം, കഞ്ഞിവെള്ളം, മോരിൻ വെള്ളം, കരിക്കിൻ വെള്ളം, ജീരക വെള്ളം എന്നിവയും കുടിക്കാവുന്നതാണ്. വയർ നിറയെ ഭക്ഷണം കഴിക്കാതെ ചെറിയ ഭക്ഷണം ഇടവേളകൾ ഇട്ട് കഴിക്കുന്നതാണ് നല്ലത്. ഇടനേരങ്ങളിൽ പച്ചക്കറി സാലഡ് കഴിക്കുന്നത് നിർബന്ധമാക്കണം.
അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. .എരിവ്, പുളി, മസാല എന്നിവയുടെ ഉപയോഗം കുറയ്‌ക്കണം. ഇവയുടെ അമിത ഉപയോഗം ദഹനക്കേടിന് കാരണമാകും. ചായ, കാപ്പി എന്നിവയ്‌ക്ക്പകരം ഫ്രൂട്ട് ജ്യൂസുകളോ ഉപ്പ് കുറച്ച് മാത്രമുള്ള പച്ചക്കറിസൂപ്പുകളോ ഉൾപ്പെടുത്താം. അധികം മധുരമുള്ള പലഹാരങ്ങൾ, ഉപ്പ് കൂടുതലുള്ള പലഹാരങ്ങൾ എന്നിവ കുറയ്‌ക്കണം. വേനൽക്കാലത്ത് വ്യക്തിശുചിത്വം പാലിക്കേണ്ടത് ഏറെ അത്യാവശ്യമാണ്. ദിവസം രണ്ട് നേരം കുളിക്കുന്നത് നിർബന്ധമാണ്. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ഉദാസീനമായ ജീവിതശൈലി ഒഴിവാക്കി യോഗയും വ്യായാമവും ശീലമാക്കി ചൂടുകാലം ആരോഗ്യപ്രദമാക്കാം.
ചൂടുകാലത്ത് കൂട്ടുപിടിക്കാൻ മികച്ചത് പഴങ്ങളാണ്. പഴങ്ങളിൽ ഏറെ വെള്ളമടങ്ങിയിരിക്കുന്ന തണ്ണിമത്തനാണ് പഴങ്ങൾ മികച്ചത്. ഇതിൽ 91.45 ശതമാനവും വെള്ളമാണ് അടങ്ങിയിട്ടുള്ളത്. ശരീരത്തിൽ ജലാംശം നിലനിർത്താൻ തണ്ണിമത്തന് കഴിയും. വേനൽക്കാലത്ത് കഴിക്കാൻ മികച്ചതാണ് കുക്കുമ്പർ. ഇതിലും ഉയർന്ന അളവിലുള്ള ജലാംശമുണ്ട്. മലബന്ധം അകറ്റാമും കുക്കുമ്പർ നല്ലതാണ്. ചൂടിനെ അകറ്റാൻ സഹായിക്കുന്ന മറ്റൊന്നാണ് തുളസി. തൈരിൽ ചേർത്ത് കഴിക്കുന്നത് ശരീരത്തില ചൂടിനെ ശമിപ്പിക്കാൻ സഹായിക്കും. ഇലക്കറികളും കഴിക്കുന്നത് ശീലമാക്കേണ്ടതാണ്. ഇവ അധികം പാകം ചെയ്ത് കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം അധികം ഇവയിലെ ജലാംശം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
















Comments