കോട്ടയം: എം.പി സ്ഥാനം നഷ്ടപ്പെട്ട രാഹുൽഗാന്ധിയെ അനുഗ്രഹിക്കണമെന്ന അപേക്ഷയോടെ ജഡ്ജിയമ്മാവൻ കോവിലിൽ വഴിപാട്. രാഹുൽഗാന്ധിയുടെ പേരിൽ കോൺഗ്രസ് ചെറുവള്ളി മേഖലാ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ബിനേഷ് ചെറുവള്ളിയാണ് വഴിപാട് നടത്തിയത്. കോടതിനടപടികളിൽ പെടുന്നവരുടെ വിജയത്തിനായി ആരാധനയ്‌ക്ക് പ്രശസ്തമായ ക്ഷേത്രത്തിൽ അടനിവേദ്യമാണ് നടത്തിയിരിക്കുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചെറുവള്ളി ദേവീക്ഷേത്രത്തിലെ ഉപദേവാലയമാണ് ജഡ്ജിയമ്മാവൻ കോവിൽ. ചെറുവള്ളി ദേവിക്ക് പുഷ്പാഞ്ജലി, കൊടുംകാളിക്ക് നടകുരുതി വറവഴിപാടും നടത്തിയിച്ചുണ്ട്. രാഹുൽഗാന്ധി, മൂലം നാൾ എന്ന പേരിലാണ് ദേവസ്വത്തിൽനിന്ന് രസീത് വാങ്ങിയ. കേസുകളിലുൾപ്പെട്ട ചലച്ചിത്രതാരങ്ങൾ, കായികതാരങ്ങൾ, രാഷ്‌ട്രീയനേതാക്കൾ തുടങ്ങിയവരുൾപ്പെടെയുള്ളവർ പൂജകളിൽ പങ്കെടുത്തിട്ടുള്ള കോവിലാണിത്.
പതിനെട്ടാം നൂറ്റാണ്ടില്‍ നടന്ന ഒരു സംഭവത്തില്‍ നിന്നുമാണ് തിരുവിതാംകൂറില്‍ ജഡ്ജിയായിരുന്ന തിരുവല്ല രാമപുരത്തുമഠത്തിലെ ഗോവിന്ദപ്പിള്ള ജഡ്ജിയമ്മാവനായി മാറുന്നത്. സത്യസന്ധനും നീതിമാനുമായി പേരുകേട്ട ഗോവിന്ദപ്പിള്ള തിരുവിതാംകൂര്‍ രാജാവായിരുന്ന ധര്‍മ്മരാജ കാര്‍ത്തിക തിരുന്നാള്‍ രാമവര്‍മ്മയുടെ കോടതിയിലെ ജഡ്ജിയായിരുന്നു. ഒരിക്കല്‍ സ്വന്തം അനന്തരവനെതിരായ ഒരു കേസില്‍ തെറ്റിദ്ധാരണയുടെ പേരില്‍ അദ്ദേഹം വധശിക്ഷ വിധിച്ചു. വധശിക്ഷ നടപ്പാക്കി കഴിഞ്ഞപ്പോളാണ് വിധി തെറ്റായെന്ന കാര്യം അദ്ദേഹം തിരിച്ചറിയുന്നത്. തന്റെ നടപടിയില്‍ വിഷമിച്ച ഗോവിന്ദപ്പിള്ള രാജാവിനോട് തനിക്കു തക്കതായ ശിക്ഷ നല്കണമെന്ന് അപേക്ഷിച്ചു. സ്വയം ശിക്ഷിക്കാന്‍ അനുവാദം ലഭിച്ചപ്പോള്‍ തന്റെ ഉപ്പൂറ്റി മുറിച്ച ശേഷം മരണംവരെ തൂക്കിലിടണമെന്ന് പിള്ള പറഞ്ഞു. അങ്ങനെ ദുര്‍മ്മരണം സംഭവിച്ച പിള്ളയുടെ ആത്മാവ് അലഞ്ഞു നടന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ അദ്ദേഹത്തെ ചെറുവള്ളി ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുകയായിരുന്നു.
Comments