വന്ദേഭാരത് യാത്ര ആടിപ്പാടി തിമിർത്ത് ആഘോഷമാക്കിയിരിക്കുകയാണ് വിദ്യാർത്ഥികൾ. ഇന്ന് ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് ഫ്‌ളാഗ് ഓഫ് ചെയ്ത വന്ദേഭാരതിൽ ആദ്യ രണ്ട് കോച്ചിൽ വിദ്യാർത്ഥികളായിരുന്നു. ഒന്നാമത്തെ കോച്ചിലെ വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രിയുമായി സംവദിക്കാൻ അവസരവും ലഭിച്ചു.
ഇപ്പോഴിതാ വന്ദേഭാരത് യാത്രയ്‌ക്കിടയിൽ കിടിലൻ പാരഡി പാട്ടുപാടി ശ്രദ്ധ നേടുകയാണ് അഭിജിത് പ്രദീപ് എന്ന കൊച്ചുമിടുക്കൻ. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് അഭിജിതിന്റെ പാട്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘വന്നേ വന്നേ വന്നല്ലോ വന്നല്ലോ വന്ദേഭാരത്’ എന്ന പാരഡി ഗാനമാണ് അഭിജിത് പാടിയിരിക്കുന്നത്. കുട്ടി റാപ്പർ എന്നാണ് അഭിജിതിനെ അശ്വിനി വൈഷ്ണവ് ട്വീറ്റിൽ അഭിസംബോധന ചെയ്തിരിക്കുന്നത്.
#VandeBharat just got cooler with young rapper! 👏🏻 pic.twitter.com/aJzgV6Gwn0
— Ashwini Vaishnaw (@AshwiniVaishnaw) April 25, 2023
അതേസമയം വന്ദേഭാരത് ഉദ്ഘാടന ചടങ്ങിൽ കേരളത്തിലെ ജനങ്ങളെ മലയാളത്തിലാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അഭിസംബോധന ചെയ്തത്. ‘അടിപൊളി, അടിപൊളി വന്ദേ ഭാരത്’ എന്ന് പറഞ്ഞാണ് അശ്വിനി വൈഷ്ണവ് പ്രസംഗം ആരംഭിച്ചത്. അടിപൊളി വന്ദേഭാരത് എന്നാണ് ഇനി ജനം പറയാൻ പോകുന്നതെന്നും വന്ദേഭാരത് അടിപൊളി യാത്രാനുഭവമാണ് കേരളത്തിന് സമ്മാനിക്കുകയെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. കഥകളിയുടെയും കളരിപ്പയറ്റിന്റെയും നാട്ടിൽ വന്ദേ ഭാരത് പുതിയ ആകർഷണമാണെന്നും അദ്ദേഹം പറഞ്ഞു
അതേസമയം കേരളത്തിന് മോദി സർക്കാർ നൽകിയ വിഷുകൈനീട്ടമായിരുന്നു വന്ദേഭാരത്. ഇന്നാണ് ഭാരതത്തിന്റെ പ്രധാനമന്ത്രി വന്ദേഭാരത് ട്രെയിൻ കേരളത്തിന് സമർപ്പിച്ചത്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി വന്ദേഭാരതിന്റെ സി-1 കോച്ചിൽ കയറി. അതിനു ശേഷം സി-2 കോച്ചിൽ 42 കുട്ടികളുമായി അദ്ദേഹം സംവദിച്ചു. വന്ദേഭാരതിന്റെ ആദ്യയാത്രയിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രമായിരുന്നു യാത്ര.
മൂന്നാമത്തെ കോച്ചിൽ വിദ്യാർത്ഥികളുടെ രക്ഷിതാക്കളായിരുന്നു. നാലാം കോച്ചിൽ റെയിൽവേ ഉദ്യോഗസ്ഥരും റെയിൽവേ സ്‌നേഹികളുമായിരുന്നു യാത്ര ചെയ്തത്. അഞ്ചും ആറും കോച്ചുകളിൽ മാദ്ധ്യമപ്രവർത്തകരായിരുന്നു. ബാക്കിയുള്ള കോച്ചുകളിൽ ക്ഷണിക്കപ്പെട്ടവർ മുതൽ ബിജെപി പ്രവർത്തകർ വരെയുണ്ടായിരുന്നു. എക്‌സിക്യൂട്ടീവ് കോച്ചിൽ പാളയം ഇമാം വി.പി സുഹൈബ് മൗലവി, ഗുരുരത്‌നം ജ്ഞാന തപസ്വി, നടൻ വിവേക് ഗോപൻ, ഗായകൻ അനൂപ് ശങ്കർ, രാജാമണി, ഗായകൻ പി. ജയചന്ദ്രൻ തുടങ്ങിയ പ്രമുഖർ യാത്ര ചെയ്തു. ദിവ്യാംഗരായിട്ടുള്ള വിദ്യാർത്ഥികളും ആദ്യ വന്ദേഭാരത് യാത്രയുടെ ഭാഗമായി.
Comments