കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ ബലപ്പെടുത്താനുള്ള നടപടികൾക്ക് അനിശ്ചിതത്വം തുടരുന്നു. കെഎസ്ആർടിസിയുടെ ടെർമിനലിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള നടപടികളാണ് ഏറെ നാളായി അനിശ്ചിതമായി നീളുന്നത്. ടെൻഡർ നടപടികൾ പൂർത്തിയാകാത്തതിനാലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഇതുവരെ കഴിയാത്തത്.
ടെർമിനലിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് കരാർ ഏറ്റെടുക്കാൻ ടെൻഡർ സമർപ്പിച്ചത് രണ്ട് കമ്പനികളാണ്. എന്നാൽ ഇവയിൽ ചെന്നൈ പ്രബൽ എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡിന് മാത്രമാണ് കെഎസ്ആർടിസി ടെർമിനലിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ യോഗ്യതയുള്ളത്. ഐഐടി അംഗീകാരം ഇല്ലാത്തതിനെ തുടർന്ന് ഒരു കമ്പനി അയോഗ്യരായി. ഇതിനെ തുടർന്നാണ് കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ആൻഡ് ഫിനാൻസ് കോർപ്പറേഷൻ വീണ്ടും ടെൻഡർ വിളിക്കാൻ ഒരുങ്ങുന്നത്. ഇതോടെ ടെർമിനൽ ബലപ്പെടുത്താനുഉള്ള നടപടികൾ ഇനിയും വൈകും.
29.14 കോടി രൂപയാണ് ബലപ്പെടുത്തുന്നതിന് മാത്രം ചിലവ് വരുന്നത്. 80% ഭീമുകളും 98% തൂണുകളും 18 %സ്ലാബുകളുമാണ് ബലപ്പെടുത്തേണ്ടത്. ഒൻപത് മാസത്തിനുള്ളിൽ ടെർമിനലിന്റെ പണി പൂർത്തിയാക്കണമെന്ന് ഐഐടി നിർദ്ദേശിച്ചിട്ടുണ്ട്. ആർക്കിടെക്കിൽ നിന്ന് പിഴ ഈടാക്കി കേസുമായി മുന്നോട്ടു പോകണമെന്ന് ഐഐടി നൽകിയ റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നുണ്ടെങ്കിലും അതിന്മേലുള്ള നടപടികൾ സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ല.
2015-ൽ 75 കോടി രൂപ ചെലവഴിച്ചാണ് കെഎസ്ആർടിസി മാവൂർ ടെർമിനൽ പണി പൂർത്തിയാക്കിയത്. നിർമ്മാണം പൂർത്തിയായി ചുരുങ്ങിയ വർഷങ്ങൾ പിന്നിട്ടപ്പോഴേക്കും കെഎസ്ആർടിസി ടെർമിനലിലുണ്ടായ അഴിമതി വലിയ വിവാദങ്ങൾ സൃഷ്ടിച്ചു. ടെർമിനലിന്റെ ബലക്ഷയത്തെ തുടർന്നാണ് വീണ്ടും നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. നികുതി ഉൾപ്പെടെ മൊത്തം ചെലവ് 110 കോടി രൂപയാകും എന്നാണ് കണക്ക്. കൂടാതെ പണി നടക്കുന്ന രണ്ട് മാസത്തേക്ക് കെഎസ്ആർടിസി സ്റ്റാൻഡ് അവിടെ നിന്നും മാറ്റേണ്ടിവരും. പണി പൂർത്തീകരിക്കാൻ ചുരുങ്ങിയത് ഒൻമ്പത് മാസമെങ്കിലും വേണ്ടിവരും. ബലക്ഷയത്തെ തുടർന്ന് പൊളിച്ചു മാറ്റാനായിരുന്നു ഐഐടി ആദ്യം നിർദ്ദേശിച്ചത്. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയാൽ മതിയെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.
















Comments