കോഴിക്കോട്: മാമുക്കോയയോടൊപ്പമുള്ള സൗഹൃദവും മറക്കാനാകാത്ത നിമിഷങ്ങളും ഓർത്തെടുത്ത് നടൻ ജയറാം. മാമുക്കോയ, ഇന്നസെന്റ്, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയവരോടൊപ്പം അഭിനയിച്ചത് ജീവിതത്തിലെ ഒരു പുണ്യമാണെന്നും ജയറാം പറഞ്ഞു. സ്ക്രീനിൽ കാണുന്ന ആളല്ലന്നും ചുറ്റുപാടിനെ കുറിച്ച് വ്യക്തമായ ധാരണയൊക്കെയുള്ള മനുഷ്യനാണ് മാമുക്കോയയെന്നും അദ്ദേഹം വ്യക്തമാക്കി. മാമുക്കോയയുടെ മടക്കം മലയാള സിനിമയുടെ തീരാനഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
‘മാമുക്കോയയെ ആദ്യമായി പരിചയപ്പെടുന്നത് ധ്വനി എന്ന സിനിമയ്‌ക്കു വേണ്ടി കോഴിക്കോടേയ്‌ക്ക് പോകുന്ന സമയത്താണ്. അന്നു തൊട്ട് മാമുക്കോയയും, ഇന്നസെന്റും, ഒടുവിൽ ഉണ്ണികൃഷ്ണനും ചന്ദ്രാടി സാറും തുടങ്ങിയ നിരയില്ലാത്ത എന്റെ സിനിമ ചുരുക്കമാണ്. അത് എന്റെ ജീവിതത്തിലെ ഒരു പുണ്യമാണ്. ഒരു ദൈവാധീനമാണ്, അല്ലാതെ കുറച്ച് സിനിമകൾ അഭിനയിച്ചു എന്നതല്ല.. അത് ഇവരുടെ കൂടെയൊക്കെ സിനിമ അഭിനയിച്ചു എന്നത് മാത്രമാണ്. സത്യൻ അന്തിക്കാട് സിനിമകളിലെ സാന്നിധ്യം ഇവരൊക്കെയാണ്. സിനിമയ്‌ക്ക് വേണ്ടിയുള്ള ഞങ്ങളുടെ 30,40 ദിവസങ്ങൾ ഒരു ആഘോഷമായിരുന്നു. ആ ദിവസങ്ങൾ എത്രമാത്രം ചിരിക്കോനും ഓർമ്മിക്കാനും എന്തൊക്കെയാണുള്ളത്.
ഒരിക്കലും മാമുക്കോയ അഭിനയിക്കുകയാണെന്ന് തോന്നിയിട്ടില്ല. മഴവിൽക്കാവടിയിലെ പോക്കറ്റടിക്കാരൻ, പഴനിയിൽ അങ്ങനെയൊരു പോക്കറ്റടിക്കാരൻ ഉണ്ടെന്നല്ലേ ആർക്കും തോന്നുക. സന്ദേശത്തിലെ രാഷ്‌ട്രീയക്കാരൻ, അദ്ദേഹമൊരു രാഷ്‌ട്രീയക്കാരൻ തന്നെയാണെന്ന് തോന്നും. ഞാനദ്ദേഹത്തോട് അത് ചോദിച്ചിട്ടുമുണ്ട്. കുറച്ച് മുൻപ് സത്യേട്ടനെ വിളിച്ചപ്പോഴും ഇത് തന്നെയാണ് പറഞ്ഞത്. എന്തൊരു നഷ്ടമാണ് മലയാളത്തിന്, ഭയങ്കര വേദനയാണ് മനസിൽ. ഇവരൊന്നും അഭിനയിക്കുകയാണെന്ന് തോന്നില്ല. അത്രയ്‌ക്ക് നാചുറലായാണ് അവരൊക്കെ അഭിനയിച്ചിരിക്കുന്നത്.
മാമുക്കോയ സ്ക്രീനിൽ കാണുന്ന ആളേയല്ല പുറത്ത്. അദ്ദേഹം സാധാരണ പച്ചമനുഷ്യനാണ്. വളരെ സീരിയസാണ്. ക്യാമറയ്‌ക്ക് പുറകിൽ ഇത്തരം തമാശകളൊന്നുമില്ല. ചുറ്റുപാടിനെ കുറിച്ച് വ്യക്തമായ ധാരണയൊക്കെയുള്ള മനുഷ്യനായിരുന്നു അദ്ദേഹം.’-ജയറാം പറഞ്ഞു.
















Comments