ബെംഗളൂരു: അധികാരത്തിലെത്താൻ കോൺഗ്രസ് മതത്തെ ഉപയോഗിക്കുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. മുസ്ലിംവിഭാഗക്കാരെ പ്രീണിപ്പിക്കാൻ വേണ്ടി മാത്രമാണ് കോൺഗ്രസ് കർണാടകയിൽ നാല് ശതമാനം മുസ്ലിം സംവരണം കൊണ്ടുവന്നതെന്നും പ്രതിരോധമന്ത്രി കുറ്റപ്പെടുത്തി. ബെലഗാവിലെ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ചരിത്രത്തിൽ ഏതെങ്കിലും ഒരുപാർട്ടി മതത്തെ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് കോൺഗ്രസ് ആണെന്ന് അദ്ദേഹം എടുത്ത് പറഞ്ഞു. മത പ്രീണനരാഷ്‌ട്രീയമാണ് കോൺഗ്രസിന്റെത്. ഇത്തരത്തിലുള്ള രാഷ്‌ട്രീയം ഒരിക്കലും ചെയ്യാൻ പാടില്ല.
‘സാമ്പത്തികമായി ദുർബലരായ ഒരു മുസ്ലീം അല്ലെങ്കിൽ ക്രിസ്ത്യാനിക്ക് സംവരണ ആനുകൂല്യങ്ങൾ ലഭിക്കുകയാണെങ്കിൽ ഞങ്ങൾ സ്വാഗതം ചെയ്യും, എന്നാൽ ഇന്ത്യൻ ഭരണഘടന മതപരമായ സംവരണം അനുവദിക്കുന്നില്ല,” പ്രതിരോധ മന്ത്രി പറഞ്ഞു. പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണത്തിൽ മുസ്ലീങ്ങൾക്കുണ്ടായിരുന്ന നാല് ശതമാനം പ്രാതിനിധ്യം കർണാടക സർക്കാർ എടുത്തുമാറ്റുകയും ഒപ്പം അവരെ സാമ്പത്തിക സംവരണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുകയും ചെയ്തു.
വിഷയവുമായി ബന്ധപ്പെട്ട് വിവിധ മുസ്ലീം സംഘടനകൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. മെയ് 9 ന് വിഷയം കേൾക്കുന്നത് വരെ കർണാടക സർക്കാർ തീരുമാനം നടപ്പാക്കരുതെന്ന് നിർദ്ദേശമുണ്ട്.
Comments