വത്തിക്കാന്‍: ബിഷപ്പുമാരുടെ യോഗത്തിൽ സ്ത്രീകൾക്കും വോട്ടുചെയ്യാമെന്ന തീരുമാനവുമായി ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിൽ ചേരുന്നിരുന്ന ബിഷപ്പുമാരുടെ യോഗങ്ങളിൽ കാണികളായി മാത്രമാണ് സ്ത്രീകൾ പങ്കെടുത്തിരുന്നത്. പുതിയ തീരുമാന പ്രകാരം സ്ത്രീകൾക്കും വോട്ട് ചെയ്യാനാകും. കത്തോലിക്ക സഭയുടെ ചരിത്രത്തിൽ സ്ത്രീകൾക്ക് കൂടുതൽ പ്രധാന്യവും പങ്കാളത്തിവും ഉറപ്പാക്കാൻ ലക്ഷ്യവെച്ചുള്ളതാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് സുപ്രധാനമായ തീരുമാനം പുറത്തുവിട്ടത്. ഒക്ടോബർ 20 നാണ് ബിഷപ്പുമാരുടെ യോഗം നടക്കുന്നത്.
അതേസമയം ബിഷപ്പുമാരുടെ ആഗോള സമ്മേളനമായ സിനഡിൽ സ്ത്രീകൾക്ക് വോട്ടവകാശം വേണമെന്ന ആവശ്യം വർഷങ്ങളായി ശക്തമാണ്. ഇതിനെതിരെ കാലങ്ങളായി വിമർശനം ഉന്നയിച്ചിരുന്ന കത്തോലിക്കാ സ്ത്രീപക്ഷ ഗ്രൂപ്പുകൾ ഈ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം, സഭയെ നവീകരിച്ച 1960-കളിലെ യോഗങ്ങൾ മുതൽ പ്രത്യേക വിഷയങ്ങളിൽ ചർച്ച നടത്താനായി ബിഷപ്പുമാരുടെ യോഗം റോമിൽ നടക്കാറുണ്ട്. ചർച്ചകള്‍ക്ക് പിന്നാലെ ഉയർന്നുവരുന്ന നിർദേശങ്ങളിൽ യോഗത്തിന്റെ അവസാനം വോട്ടെടുപ്പ് നടക്കും. തുടർന്ന് ഇത് പോപ്പിന് സമർപ്പിക്കും.
ഇതുവരെ ഈ വോട്ടെടുപ്പിൽ പുരുഷന്മാർ മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. എന്നാൽ പുതിയ തീരുമാന പ്രകാരം അഞ്ച് കന്യാസ്ത്രീകൾക്കും പുരോഹിതർക്കൊപ്പം വോട്ട് ചെയ്യാൻ കഴിയും. ഇതുകൂടാതെ 70 നോൺ ബിഷപ്പ് അംഗങ്ങളെ സിനഡിൽ നിയമിക്കാനും പോപ് തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളായിരിക്കണമെന്നും പോപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
















Comments