ഇടുക്കി: അരിക്കൊമ്പൻ ദൗത്യം നിർണായക മണിക്കൂറുകളിലൂടെയാണ് കടന്നു പോകുന്നത്. ഏഴ് മണിയോടെ അരിക്കൊമ്പനെ മയക്കുവെടി വയ്‌ക്കാനായിരുന്നു നീക്കം. എന്നാൽ ആനയെ ട്രാക്ക് ചെയ്തപ്പോൾ ആദ്യ ഘട്ടത്തിൽ മറ്റൊരു ആനയ്‌ക്ക് ഒപ്പം അരിക്കൊമ്പനെ കണ്ടെത്തിയിരുന്നു. പിന്നീട് ആന പ്ലാന്റേഷനിലേക്ക് കയറി. വീണ്ടും അരിക്കൊമ്പനെ കാണുമ്പോൾ രണ്ട് ആനകൾക്കൊപ്പമായിരുന്നു ഉണ്ടായിരുന്നത്. കൂട്ടം കൂടി ആനകൾ നിൽക്കുന്നതിനാൽ തന്നെ അരിക്കൊമ്പനെ കേന്ദ്രീകരിച്ച് മയക്കുവെടി വെയ്‌ക്കുന്നത് കൂടുതൽ പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം. ഇതിൽ മദപ്പാടുള്ള ആനകളുമുണ്ടെന്ന് റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. അരിക്കൊമ്പന് മയക്കുവെടി കൊണ്ടു കഴിഞ്ഞാൽ ഒരു കൂട്ടം ആനകളുള്ളതിനാൽ അവ ചിതറിയോടാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. മയക്കുവെടി കൊണ്ടുകഴിഞ്ഞാൽ അഞ്ച് കി.മി വരെ ആന നിർത്താതെ ഓടാനും സാധ്യതയുണ്ട്.
ആനകളെ കൂട്ടം തെറ്റിക്കുന്നതിനായും ശ്രദ്ധ മാറ്റുന്നതിനുമായി പടക്കം പൊട്ടിച്ചെങ്കിലും ഫലമുണ്ടായില്ല. അരിക്കൊമ്പനൊപ്പം മറ്റ് രണ്ട് ആനകൾ ഉള്ളതിനാൽ കുങ്കിയാനകളെ ഉപയോഗിച്ച് കീഴടക്കുക എന്നതും പ്രയാസകരമാണ്. കുങ്കിയാനകൾ നാല് എണ്ണം മാത്രമാണുള്ളത് എന്നും അരിക്കൊമ്പനൊപ്പം മറ്റ് രണ്ട് ആനകൾ കൂടി ഉണ്ട് എന്നതും നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. അരിക്കൊമ്പനെ മയക്കുവെടി വെയ്‌ക്കുന്നതിനായി 50 മീറ്റർ ക്ലോസ് റേഞ്ചിൽ ലഭിക്കുന്നതിനായി വനം വകുപ്പ് കാത്തിരിക്കുകയാണ്. നേരം പുലരുന്നതിന് മുമ്പ് തന്നെ മയക്കുവെടി വെയ്‌ക്കുന്നത് ആന കൂടുതൽ സമയം മയങ്ങും. ഇതിനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ വെയിൽ കൂടുന്നതിനനുസരിച്ച് ആന വേഗം ഉണരുന്നതിനുള്ള സാഹചര്യവും ഉണ്ടെന്ന് അധികൃതർ പറഞ്ഞിരുന്നു. മൂന്ന് മണിവരെയാണ് ആനയെ മയക്കുവെടി വെയ്‌ക്കുന്നതിന് നിയമപരമായി അനുമതി ഉള്ളത്. ഇതിന് ശേഷം ദൗത്യം തുടരാൻ സാധിക്കില്ല.
മയക്കുവെടിവച്ച ശേഷം അരിക്കൊമ്പന് ജിപിഎസ് കോളർ ഘടിപ്പിക്കും. തുടർന്ന് കുങ്കിയാനകളുടെ സഹായത്തോടെ അരിക്കൊമ്പനെ ലോറിയിൽ കയറ്റാനാണ് നീക്കം. പിന്നാലെ പൊലീസ്, കെഎസ്ഇബി, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ സഹായത്തോടെ കാട്ടാനയെ മാറ്റുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
















Comments