ഇടുക്കി: അരിക്കൊമ്പൻ ദൗത്യം തുടരുന്നതിനിടയിൽ ആനയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന വെളിപ്പെടുത്തലുമായി വനം വകുപ്പ്. രാവിലെ ദൗത്യസംഘം കണ്ടത് ചക്കക്കൊമ്പനെയായിരുന്നുവെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. കാട്ടാനക്കൂട്ടത്തിനൊപ്പം അരിക്കൊമ്പൻ നിൽക്കുന്നുവെന്നായിരുന്നു ഇതുവരെ പുറത്ത് വന്നിരുന്ന വിവരമെങ്കിലും ആനക്കൂട്ടത്തിനൊപ്പമുള്ളത് ചക്കക്കൊമ്പനാണെന്ന് വനം വകുപ്പ് അറിയിക്കുകയായിരുന്നു. ഈ മേഖലയിലുള്ള മറ്റ് ആനകളെ കണ്ടെത്താൻ സാധിച്ചിരുന്നുവെങ്കിലും അരിക്കൊമ്പനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
301 കോളനിയ്‌ക്ക് സമീപമുള്ള വനപ്രദേശത്ത് ഇന്നലെ വരെ അരിക്കൊമ്പനെ കണ്ടിരുന്നു. എന്നാൽ, ദൗത്യ സംഘം കാട് കയറിയതിന് പിന്നാലെ ആന അപ്രത്യക്ഷനാവുകയായിരുന്നു. ഇതോടെ അരിക്കൊമ്പൻ ദൗത്യം ഇന്ന് പൂർത്തീകരിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ സംശയമായി. ഇന്ന് ദൗത്യം പരാജയപ്പെടുകയാണെങ്കിൽ അടുത്ത ദിവസവും ശ്രമം തുടരുമെന്ന് കോട്ടയം ഡിഎഫ്ഒ എൻ രാജേഷ് വ്യക്തമാക്കി. അരിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട് ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ 1,2,3 വാർഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ദൗത്യം പൂർത്തിയാകും വരെ നിയന്ത്രണം തുടരും.
ഇന്ന് പുലർച്ചെ നാലരയോടെയാണ് വനം വകുപ്പ് അരിക്കൊമ്പൻ ദൗത്യത്തിന് തുടക്കം കുറിച്ചത്. വനം വകുപ്പ് ജീവനക്കാർ, മയക്കുവെടി വിദഗ്ദൻ ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറ്ററിനറി സർജന്മാർ, കുങ്കിയാനകളുടെ പാപ്പാന്മാർ എന്നിങ്ങനെ 150 പേരാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്.
















Comments