അമരാവതി: സിപിഎമ്മിൽ കല്ലുകടിയായി ആന്ധ്രാപ്രദേശിലെ ഉൾപ്പാർട്ടിത്തർക്കം. അഴിമതിയാരോപണം നേരിടുന്ന പൊളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ ബിവി രാഘവുലുവിന്റെ വിഷയം പിബിയിൽ പുനഃപരിശോധിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ മൂന്ന് ദിവസത്തെ യോഗത്തിൽ പ്രശ്‌നം പരിശോധിക്കാൻ സാധിച്ചില്ല.
ഇയാൾക്കെതിരെ പരാതി ഉന്നയിച്ച മുതിർന്ന കേന്ദ്രകമ്മിറ്റിയംഗം ഇത്തവണ യോഗത്തിൽ നിന്ന് വിട്ടുനിന്നു. കൊൽക്കത്തയിൽ ചേർന്ന പിബി യോഗത്തിൽ അഴിമതി പുനഃപരിശോധിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് നേതാവ് കേന്ദ്ര കമ്മിറ്റി യോഗം ബഹിഷ്‌കരിച്ചതെന്നാണ് സൂചന.
സ്ഥിതി കൂടുതൽ സങ്കീർണമാക്കാതെ ആന്ധ്ര ഘടകത്തിലെ തർക്കങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കേന്ദ്ര നേതൃത്വം നേരിട്ട് സംസ്ഥാനത്തേക്ക് പോകാനാണ് സിസി തീരുമാനം. കഴിഞ്ഞവർഷം നടന്ന സംസ്ഥാന സമ്മേളനത്തെ അട്ടിമറിച്ച് സെക്രട്ടറിയേറ്റിലേക്ക്ഇഷ്ടക്കാരെ നിയമിച്ചെന്ന ആരോപണവും അഴിമതിവിവാദങ്ങളുമാണ് ആന്ധ്രാപ്രദേശിലെ സിപിഎമ്മിൽ പുകഞ്ഞുകൊണ്ടിരിക്കുന്നത്. പരാതി ഉയർന്നതോടെ പാർട്ടി കമ്മീഷനെ നിയോഗിച്ചെങ്കിലും അന്വേഷണ റിപ്പോർട്ടിനെ ചൊല്ലി വീണ്ടും തർക്കം ഉടലെടുക്കുകയായിരുന്നു. അതിനിടെയിലാണ് രാഘവുലു പിബിയിൽ നിന്ന് ഒഴിവാകാൻ കത്ത് നൽകിയത്. പിന്നാലെ ഇതും വിവാദമായി. കത്ത് തള്ളിയ പിബി വിഷയം വീണ്ടും കേന്ദ്ര കമ്മിറ്റിയ്‌ക്ക് വിട്ടതാണ് ഇത്തവണ പുതിയ പ്രശ്‌നങ്ങൾക്ക് കാരണമായത്.
















Comments