തിരുവനന്തപുരം: വന്യമൃഗങ്ങളുടെ ശല്യം പരിഹരിക്കുന്നതിനായി വിദഗ്ധ പാനൽ രൂപീകരിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ പിടിച്ചതുകൊണ്ട് മാത്രം പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നടപടി സ്വീകരിക്കുക. തീവ്രനിലപാട് ഉള്ളവർ പാനലിൽ ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉടൻ ഉന്നതല ചർച്ച സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ധരുമായി ഇത് സംബന്ധിച്ച് കൂടിയാലോചന നടത്തും. കുങ്കിയാനകളുടെ പാപ്പാൻമാർ വനംവകുപ്പിന്റെ അവിഭാജ്യ ഘടകമാണ്. ആ നിലയിൽ തന്നെ അവരെ പരിഗണിക്കുന്നുണ്ട്. അവരെ സ്ഥിരപ്പെടുത്തണം എന്ന ആവശ്യം അരിക്കൊമ്പൻ ദൗത്യവുമായി ചേർത്ത് വായിക്കേണ്ട കാര്യമില്ല. അരിക്കൊമ്പന്റെ ആരോഗ്യ നിലയിൽ പ്രശ്‌നങ്ങളില്ല. അരിക്കൊമ്പനെ ഇറക്കിവിട്ട സ്ഥലത്ത് നിന്നും മൂന്ന് കിലോമീറ്റർ ചുറ്റളവിൽ സഞ്ചരിക്കുന്നുണ്ട്. ടെലി കോളർ വച്ച് ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും അരിക്കൊമ്പൻ മിഷൻ സുതാര്യമായാണ് നടത്തിയതെന്നും ശശീന്ദ്രൻ പറഞ്ഞു.
രണ്ട് ദിവസം മുൻപാണ് അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്ന് വിട്ടത്. എന്നാൽ ഇതോടെ ചിന്നക്കനാലിലെ കാട്ടാന ആക്രമണം അവസാനിച്ചില്ല. ഇന്ന് പുലർച്ചെ ചിന്നക്കനാലിൽ വീണ്ടും കാട്ടാനയാക്രമണം ഉണ്ടായി. പുലർച്ചെ അഞ്ച് മണിയോടെ ചക്കക്കൊമ്പനടങ്ങിയ കാട്ടാനക്കൂട്ടം ഇറങ്ങുകയും ഷെഡ് തകർക്കുകയും ചെയ്തു. ഷെഡിൽ ആളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
















Comments