ഓസ്കാറിലൂടെ ഇന്ത്യൻ സിനിമയെ ലോകപ്രശസ്തിയിൽ എത്തിച്ച സംവിധായകനാണ് എസ്. എസ്. രാജമൗലി.
അദ്ദേഹത്തിന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളുംസിനിമാ പ്രേമികളുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ഇപ്പോഴിതാ, താൻ പാകിസ്താനിൽ പോയപ്പോൾ ഉണ്ടായ ഒരു അനുഭവത്തെ കുറിച്ച് പങ്കുവച്ചിരിക്കുകയാണ് രാജമൗലി. പാകിസ്താനിലെ മോഹൻജോ ദാരോ സന്ദർശിക്കുന്നതിന് അനുമതി ലഭിക്കാതിരുന്നതിനെക്കുറിച്ചുള്ള ഓർമയാണ് തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ
അദ്ദേഹം പങ്കുവെച്ചത്.
വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാനുമായ ആനന്ദ് മഹീന്ദ്രയുടെ ഒരു ട്വീറ്റിന് മറുപടി പറയവെയാണ് രാജമൗലി ഇക്കാര്യം വെളിപ്പെടുത്തിയത്. ഹാരപ്പ, മോഹൻജൊ ദാരോ, ലോത്തൻ മുതലായ സംസ്കാരങ്ങളെക്കുറിച്ചുള്ള ചില ചിത്രങ്ങൾ രാജമൗലിയുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ് ആനന്ദ് മഹീന്ദ്ര ചെയ്തത്. ഈ കാലഘട്ടം പശ്ചാത്തലമാക്കി ഒരു സിനിമ ചെയ്തുകൂടെ എന്നായിരുന്നു ആനന്ദ് മഹീന്ദ്ര ചോദിച്ചത്. ബാഹുബലിയ്‌ക്ക് മുൻപ് താൻ ചെയ്ത ‘മഗധീര’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചുണ്ടായ ഒരു സംഭവമാണ് അദ്ദേഹം മറുപടിയായി പറഞ്ഞത്.
‘ധോലാവിര എന്ന സ്ഥലത്താണ് മഗധീരയുടെ ചിത്രീകരണം നടന്നത്. അവിടെ പുരാതനമായ ഒരു വൃക്ഷം കണ്ടു. ഏതാണ്ട് ഫോസിൽ രൂപത്തിലേയ്‌ക്ക് മാറിയ ഒന്ന്. ആ വൃക്ഷം ആഖ്യാനം ചെയ്യുന്ന വിധത്തിൽ സിന്ധുനദീതട സംസ്കാരത്തിന്റെ ഉയർച്ചയും പതനവും പറയുന്ന ഒരു ചിത്രത്തെക്കുറിച്ച് ആലോചിച്ചിരുന്നു. ഈ സംഭവത്തിന് ഏതാനും വർഷങ്ങൾക്ക് ശേഷം പാകിസ്താനിൽ പോയപ്പോൾ മോഹൻജൊ ദാരോയിലേയ്‌ക്ക് പോകാൻ ശ്രമിച്ചപ്പോൾ അനുമതി നിഷേധിക്കപ്പെട്ടതായും’ രാജമൗലി പറഞ്ഞു.
2009-ലാണ് രാജമൗലിയുടെ മഗധീര പുറത്തിറങ്ങിയത്. പുനർജന്മം പ്രമേയമായെത്തിയ ചിത്രത്തിൽ രാംചരൺ തേജ, കാജൽ അഗർവാൾ, ദേവ് ഗിൽ, ശ്രീഹരി എന്നിവരായിരുന്നു മുഖ്യവേഷങ്ങളിലെത്തിയത്. ചിരഞ്ജീവി അതിഥി താരമായും എത്തിയിരുന്നു. എം.എം. കീരവാണി ഒരുക്കിയ ഗാനങ്ങൾ കേരളത്തിലടക്കം വൻ ഹിറ്റായിരുന്നു.
















Comments