അങ്കാറ: കൊടും ഭീകരനും ഇസ്ലാമിക് സ്റ്റേറ്റ് തലവനുമായ അബു ഹുസൈൻ അൽ ഖുറോഷിയെ വധിച്ചതായി തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ. സിറിയയിൽ നടത്തിയ ഓപ്പറേഷനിലൂടെ തുർക്കി രഹസ്യാനേവഷണ സേനയാണ് ഭീകരനെ വധിച്ചത്. ഒളിത്താവളത്തിലെത്തിയാണ് വധിച്ചതെന്ന് തുർക്കിയുടെ അവകാശവാദം.
സിറിയയുടെ വടക്ക് പടിഞ്ഞാറൻ പ്രദേശമായ ജിൻഡിറസ് കേന്ദ്രീകരിച്ച് പോലീസ് സംഘത്തിന്റെ സഹായത്തോടെ തുർക്കി ഇന്റലിജൻസ് ഏജൻസി നടത്തിയ ഓപ്പറേഷനാണ് വിജയം കണ്ടത്. തുർക്കിയിലെ പ്രാദേശിക ചാനലിന് നൽകിയ അഭിമുഖ സംഭാഷണത്തിലാണ് പ്രസിഡന്റ് ത്വയിബ് എർദോഗാൻ ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവത്തിൽ ഐഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിമത വിഭാഗത്തിന്റെ അധീനതയിലുള്ള പ്രദേശമായ ജിന്നറസ് കേന്ദ്രീകരിച്ചാണ് അബു അൽ ഖുറോഷി പ്രവർത്തിച്ചിരുന്നതെന്നാണ് തുർക്കി പ്രസിഡന്റ് പറയുന്നത്. ഇവിടെയെത്തി ഭീകരനെ വധിച്ചെന്നാണ് തുർക്കിയുടെ വെളിപ്പെടുത്തൽ.
കഴിഞ്ഞ ഒക്ടോബറിൽ സിറിയയിൽ ഫ്രീ സിറിയൻ ആർമി കൊലപ്പെടുത്തിയ മുൻഗാമിയായ അബു അൽ ഹസൻ അൽ ഹാഷ്മി അൽ ഖുറൈഷിയുടെ മരണത്തെ തുടർന്നാണ് അൽ ഖുർഷി ഐസിസ് നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് (എസ്ഡിഎഫ്) എന്നറിയപ്പെടുന്ന കുർദിഷ് നേതൃത്വത്തിലുള്ള സഖ്യത്തിനൊപ്പം യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യം വ്യാപകമായി റെയ്ഡുകൾ നടത്തുന്നുണ്ട്. ഭീകര സംഘടനയുമായി ബന്ധമുള്ള നിരവധി പേർ ഒളിച്ചിരിപ്പുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണിത്.
Comments