തിരുവനന്തപുരം: കിണറ്റിൽ വീണ് കരടി ചത്ത സംഭവത്തിന് പിന്നാലെ വെള്ളനാട് നിവാസികളുടെ ആശങ്ക വീണ്ടും വർദ്ധിക്കുന്നു. പ്രദേശത്ത് വീണ്ടും കരടി ഇറങ്ങിയതായി സംശയം.
പ്രദേശത്ത് ഒരു വീട്ടിൽ 14 കോഴികളെ കഴിഞ്ഞ ദിവസം ചത്ത നിലയിൽ കണ്ടെത്തി. ഇവയുടെ അസ്ഥി മാത്രമായിരുന്നു ഉടമയ്‌ക്ക് പരിസരപ്രദേശങ്ങളിൽ നിന്നുമായി ലഭിച്ചത്. കോഴിക്കൂടിന് സമീപമായി കണ്ട വലിയ കാൽപ്പാടുകൾ കരടിയുടേതാണെന്ന സംശയത്തിലാണ് നാട്ടുകാരും വനം വകുപ്പും.
സംഭവത്തിന് പിന്നാലെ വനം വകുപ്പ് പ്രദേശത്ത് ക്യാമറ സ്ഥാപിച്ചിരിക്കുകയാണ്. കൂടാതെ രാത്രി കാലങ്ങളിൽ വനം വകുപ്പിന്റെ പ്രത്യേക പരിശോധനയും നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നാട്ടിൽ കരടിയെ കണ്ടതായി നാട്ടുകാരിൽ ചിലർ പറഞ്ഞിരുന്നു. പ്രദേശത്ത് കരടിയിറങ്ങിയതായി സമൂഹമാദ്ധ്യമങ്ങളിലും പ്രചാരണമുണ്ട്.
കരടിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളുടെ ചിത്രങ്ങൾ പ്രത്യേക പരിശോധനയ്‌ക്കായി പെരിയാർ കടുവ സങ്കേതം ഓഫീസിലേയ്‌ക്ക് അയച്ചിട്ടുണ്ട്. പ്രദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് വനം വകുപ്പിന്റെ നിർദേശം.
Comments