ഗാന്ധിനഗർ: മോദി സമുദായത്തെ അധിക്ഷേപിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സൂറത്ത് കോടതി വിധിയിൽ സ്‌റ്റേ അനുവദിക്കണമെന്ന രാഹുലിന്റെ ആവശ്യം അനുവദിക്കാതെ ഗുജറാത്ത് ഹൈക്കോടതി. മാനനഷ്ടക്കേസിനെ തുടർന്ന് എംപി സ്ഥാനം നഷ്ടപ്പെടുകയും അയോഗ്യനാക്കപ്പെടുകയും ചെയ്ത രാഹുൽ താൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വിധി സ്‌റ്റേ ചെയ്യണമെന്നായിരുന്നു ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്. എന്നാൽ ഇടക്കാല സ്റ്റേ അനുവദിക്കാതിരുന്ന ഹൈക്കോടതി ഹർജിയിൽ ഇരുപക്ഷത്തിന്റെയും വാദം കേട്ടതിന് ശേഷം വിധി പറയാൻ മാറ്റി. വേനലവധിക്ക് ശേഷം ഹർജിയിൽ ഹൈക്കോടതി വിധി പറയുമെന്ന് ജസ്റ്റിസ് ഹേമന്ത് പ്രചക് അറിയിച്ചു.
ഇടക്കാല സ്റ്റേ ലഭിക്കാതിരുന്ന സാഹചര്യത്തിൽ രാഹുൽ നേരിടുന്ന അയോഗ്യത തുടരുന്നതാണ്. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് രാഹുൽ സൂറത്ത് സെഷൻസ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം സെഷൻസ് കോടതി തള്ളുകയായിരുന്നു. അതേസമയം മാനനഷ്ടക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് വർഷം തടവിന് വിധിച്ച കോടതി ഉത്തരവിൽ രാഹുലിന് ലഭിച്ച ജാമ്യം തുടരും. കോടതി വിധിയിൽ സ്‌റ്റേ വേണമെന്ന ഹർജി മെയ് 20ന് ശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കുകയും ചെയ്യും.
















Comments