കൊച്ചി : തനിക്കെതിരെ അപകീർത്തിക്കേസ് ഫയൽ ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കോടതിയിലേക്ക് ‘സ്വാഗതം ചെയ്ത്’ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ്, തനിക്കെതിരെ പരാതി നൽകിയ ഗോവിന്ദനെ സ്വപ്ന കോടതിയിലേക്കു സ്വാഗതം ചെയ്തത്.
‘ ഗോവിന്ദൻ… കോടതിയിലേക്ക് സ്വാഗതം.
ഗോവിന്ദൻ ഇനി നമുക്ക് കോടതിയിൽ കാണാം.
കേസ് കൊടുത്ത് എന്നെ വിരട്ടാം എന്നത് സ്വപ്നത്തിൽ മാത്രമേ നടക്കൂ എന്ന് സ്വപ്ന അങ്ങയെ അറിയിക്കുന്നു.
എന്റെ അപേക്ഷ അങ്ങ് 10 കോടി നഷ്ടപരിഹാരം ചോദിച്ച് കോർട്ട് ഫീ അടച്ച് സിവിൽ കോടതിയിലും കേസ് കൊടുക്കണം എന്നാണ്. ഗോവിന്ദനെ കോടതിയിൽ വെച്ച് കാണാൻ ഞാൻ കാത്തിരിക്കുന്നു. ഇത്തവണ മലയാളത്തിലാണ് എന്റെ കുറിപ്പ്. ഇത് മലയാളിയായ ഗോവിന്ദനു വേണ്ടി മാത്രമുള്ളതാണല്ലോ. എനിക്കു പറയാനുള്ളത് അദ്ദേഹം ഏറ്റവും കൃത്യമായിത്തന്നെ മനസ്സിലാക്കണം. അതിനാണ് ഇത്. – ‘ സ്വപ്ന ഫെയ്സ്ബുക്കിൽ കുറിച്ചു.
സ്വപ്ന സുരേഷിനെതിരെ ഗോവിന്ദൻ നൽകിയ അപകീർത്തി പരാതി തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. പരാതിക്കാരനായ ഗോവിന്ദന്റെ മൊഴി രേഖപ്പെടുത്തിയ കോടതി സാക്ഷികൾക്കു നോട്ടിസ് അയയ്‌ക്കാനും ഉത്തരവിട്ടിരുന്നു.
Comments