ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടി വെച്ച് മാറ്റി പാർപ്പിച്ചങ്കെിലും ചിന്നക്കനാലിലെ ആശങ്കകൾ ഒഴിയുന്നില്ല. അരിക്കൊമ്പന്റെ സാമ്രാജ്യത്തിലെ രാജാവായി വാഴുകയാണ് ചക്കക്കൊമ്പനിപ്പോൾ. മുൻപ് അരിക്കൊമ്പനൊപ്പമുണ്ടായിരുന്ന കാട്ടാനക്കൂട്ടത്തോടൊപ്പം ഇന്നലെ വൈകുന്നേരവും ചക്കക്കൊമ്പനെ കണ്ടിരുന്നു. അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടിയ ചിന്നക്കനാലിനും സിമൻറു പാലത്തിനും ഇടയിലുള്ള യൂക്കാലിത്തോട്ടത്തിലുമാണ് ഇന്നലെ വൈകിട്ട് ചക്കക്കൊമ്പനെ കണ്ടെത്തിയത്.
301 കോളനി ഭാഗത്തു നിന്നുമെത്തിയപ്പോൾ വഴിയരികിൽ ചക്കക്കൊമ്പനെയാണ് ആദ്യം കണ്ടത്. ചക്കക്കൊമ്പനൊപ്പം കാട്ടാനക്കൂട്ടവും തൊട്ടപ്പുറത്ത് നിലയുറപ്പിച്ചിരുന്നു. അൽപ്പനേരം കഴിഞ്ഞപ്പോൾ ഒരു പിടിയാനയും രണ്ടു കുട്ടിയാനകളും ചക്കക്കൊമ്പന്റെ അരികിലെത്തി. ഇടക്ക് ശബ്ദം കേൾക്കുമ്പോൾ റോഡിലേക്ക് നോക്കിയും മണം പിടിച്ചും ഒപ്പമുണ്ടായിരുന്നവർക്ക് സംരക്ഷണം നൽകിയും ചക്കക്കൊമ്പൻ അരിക്കൊമ്പന്റെ തട്ടകത്തിൽ സജീവമാവുകയാണ്. തിങ്കളാഴ്ച പുലർച്ചയാണ് ചക്കക്കൊമ്പൻ ചിന്നക്കനാൽ സ്വദേശിയായ കാജന്റെ വീട് അടിച്ച് തകർത്തത്. ചക്ക സീസണിൽ പ്ലാവുകളിൽ നിന്നും ചക്ക പറിച്ചു തിന്നുന്നതിനാലണ് ആനക്ക് ഈ പേരു വീണത്.
തലയെടുപ്പുകൊണ്ടും കേമനാണ് ചക്കക്കൊമ്പൻ. പക്ഷേ കരുത്തുകൊണ്ട് ഇതുവരെ ചിന്നക്കനാലിലെ കാട്ടാനകളുടെ സാമ്രാജ്യം കയ്യടക്കിയിരുന്നത് അരിക്കൊമ്പനായിരുന്നു. തലവൻ പോയതോടെ നേതൃസ്ഥാനം ചക്കക്കൊമ്പൻ സ്വമേധയാ ഏറ്റെടുത്തിരിക്കുകയാണ്.
കഴിഞ്ഞ നാലു ദിവസമായി ഈ കാട്ടാനക്കൂട്ടം ഇവിടെത്തന്നെയുണ്ട്. ദൗത്യത്തിനു രണ്ടു ദിവസം മുമ്പാണ് മദപ്പാടിലായ ചക്കക്കൊമ്പൻ ഈ കൂട്ടത്തിനൊപ്പമെത്തിയത്. അരിക്കൊമ്പനെ മയക്കു വെടിവച്ച ദിവസവും ആന ഇവിടുണ്ടായിരുന്നു. തിങ്കളാഴ്ച ഇവരൊന്നാകെയെത്തി ചിന്നക്കനാൽ വിലക്കിൽ ഒരു ഷെഡ്ഡ് തകർക്കുകയും ചെയ്തിരുന്നു. ഒന്നര മാസത്തോളം മദപ്പാടുണ്ടാകുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. മദപ്പാടിനു ശേഷമായിരിക്കും ചക്കക്കൊമ്പൻ കൂട്ടത്തിൽ നിന്നും വേർപിരിയുക. അതേസമയം കാട്ടാനക്കൂട്ടം ഈ മേഖലയിൽ തന്നെ ചുറ്റിത്തിരിയുന്നത് നാട്ടുകാരെ വീണ്ടും ആശങ്കയിലാക്കിയിരിക്കുകയാണ്. നിമിഷനേരം കൊണ്ട് പാഞ്ഞടുക്കുന്ന കൊമ്പനെ ഭയന്നാണ് ചിന്നക്കനാൽ നിവാസികളുടെ യാത്ര.
















Comments