ന്യൂഡൽഹി: ദ കേരള സ്റ്റോറി യഥാർത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ അല്ലെന്ന് എഴുതിക്കാണിക്കാൻ സാധിക്കില്ലെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ പ്രദർശനം തടയണമെന്നവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കവേ സീനിയർ അഭിഭാഷകൻ ഹരീഷ് സാൽവെയാണ് ഇക്കാര്യം അറിയിച്ചത്. സിനിമ മെയ് അഞ്ചിന് തിയറ്ററുകളിലെത്തുമെന്നും അതിനാൽ ഹർജി അടിയന്തിരമായി പരിഗണിക്കണമെന്നായിരുന്നു ഹര്ജിയില്ർ ആവശ്യപ്പെട്ടത്.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ചു. ഒരു സമുദായത്തെ മുഴുവൻ ഇകഴ്‌ത്തി കാണിക്കുന്ന ചിത്രമാണ് ദ കേരള സ്‌റ്റോറിയെന്നാണ് ഹർജിയിൽ ആരോപിച്ചത്. വസ്തുതാപരമല്ലാത്ത കാര്യങ്ങൾ സത്യം എന്ന രീതിയിൽ പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ജംഇയ്യത്തുൽ ഉലമാ ഹിന്ദിന് വേണ്ടി സീനിയർ അഭിഭാഷക വൃന്ദ ഗ്രോവർ നൽകിയ ഹർജിയിൽ ആരോപിച്ചിരുന്നു. തുടർന്ന് ചിത്രത്തിന്റെ റിലീസ് തടയണമെന്നാണോ ആവശ്യമെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു.
എന്നാൽ ചിത്രം യഥാർത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ അല്ലെന്ന് എഴുതി കാണിക്കണമെന്ന് ഗ്രോവർ മറുപടി നൽകി. ഇത് സാങ്കൽപിക കഥയാണെന്ന് സിനിമയ്‌ക്ക് മുൻപായി എഴുതി കാണിക്കാൻ സാധിക്കില്ല. ആവശ്യം അംഗീകരിക്കാനാകില്ലെന്ന കാര്യം ഉത്തരവിൽ രേഖപ്പെടുത്തണമെന്ന് ഹരീഷ് സാൽവേ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.
ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺ ഷൈൻ പിക്‌ചേഴ്‌സിന്റെ പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടിയാണ് ഹരീഷ് സാൽവേ ഹാജരായത്. ചിത്രത്തിനെതിരെ ഹർജി നൽകിയ ജംഇയ്യത്തുൽ ഉലമാ ഹിന്ദിന് വേണ്ടി വൃന്ദ ഗ്രോവറാണ് ഹാജരായത്.
Comments