കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ സാക്ഷിയായ സിപിഎം നേതാവ് മൊഴിമാറ്റി. കട്ടാങ്ങൽ മുൻ ലോക്കൽ സെക്രട്ടറി പ്രവീൺകുമാറാണ് കോടതിയിലെ വിസ്താരത്തിനിടെ മൊഴി മാറ്റിയത്. കേസിലെ മുഖ്യപ്രതികൾക്ക് അനുകൂലമായാണ് ഇയാൾ മൊഴി നൽകിയത്. 46 പേരെ വിസ്തരിച്ച കേസിൽ ഇതാദ്യമായാണ് കൂറുമാറ്റം നടക്കുന്നത്.
കൂടത്തായി കൊലപാതക കസിലെ പ്രതിയായ ജോളിയും നാലാം പ്രതിയായ മനോജ് കുമാറും ചേർന്ന് വ്യജ വിൽപ്പത്രം തയ്യാറാക്കിയെന്ന കേസിലെ മഹദ്‌സർ സാക്ഷിയായിരുന്നു പ്രവീൺ കുമാർ. ഇയാൾ രണ്ട് പ്രതികൾക്കും അനുകൂലമായാണ് വിചാരണ കോടതിയിൽ മൊഴി മാറ്റി നൽകിയത്. ജോളിയുടെ സഹോദരൻമാർ പോലും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയപ്പോൾ മഹദ്‌സറിൽ സാക്ഷിയായ ഇയാൾ പ്രതികൾക്കൊപ്പമാണ് നിന്നത്. പോലീസ് നിർബന്ധിച്ചാണ് മഹദ്‌സറിൽ ഒപ്പുവെച്ചതെന്നും പോലീസ് പറയുന്നിടത്തെല്ലൊം ഒപ്പ് ഇടാറുണ്ടെന്നും ഇയാൾ വിചാരണ കോടതിയിൽ പറഞ്ഞു.
സിപിഎം പ്രവർത്തകനായിരുന്ന മനോജ് കുമാറിനെ കേസിൽ അകപ്പെട്ടതോടുകൂടി പാർട്ടി കയ്യൊഴിഞ്ഞിരുന്നു. നിലവിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ പ്രവീൺ കുമാർ പ്രതികൾക്ക് അനുകൂലമായി മൊഴി നൽകിയതോടെ പാർട്ടി വീണ്ടും പ്രതിരോധത്തിലാവുകയാണ്.
2019 ഒക്ടോബർ നാലിനാണ് ഒരു കുടുബത്തിലെ ആറ് മരണങ്ങളും കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. ഒരാളെ ഡോഗ് കിൽ വിഷം ഉപയോഗിച്ചും മറ്റു മൂന്നു പേരെ സയനൈഡ് നൽകിയുമാണ് ഒന്നാം പ്രതിയായ ജോളി കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തിയത്. കേസിന്റെ വിസ്താരം മാറാട് പ്രത്യേക കോടതിയിൽ പുരോഗമിക്കുകയാണ്.
















Comments