ന്യൂഡൽഹി: ദ കേരള സ്റ്റോറി എന്ന ചിത്രം ഒരു സമുദായത്തിനും എതിരല്ലെന്നും ഭീകരതയ്‌ക്കെതിരെയാണ് ചിത്രം സംസാരിക്കുന്നതെന്നും സെൻസർ ബോർഡ്. എങ്ങനെയാണ് ഐഎസ് എന്ന ഭീകര സംഘടനയുടെ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നതെന്നും ആഗോള തലത്തിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളാക്കുന്നതെന്നുമാണ് കേരള സ്‌റ്റോറിയിൽ വിവരിക്കുന്നതെന്ന് കേന്ദ്ര സെൻസർ ബോർഡ് വ്യക്തമാക്കി.
യുവ തലമുറയെ എപ്രകാരമാണ് ഭീകരതയിലേക്ക് ആകർഷിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്ന സിനിമ, ഓദ്യോഗിക ജീവിതത്തിൽ ഉയരങ്ങളിൽ എത്താൻ ആഗ്രഹിച്ച മൂന്ന് പെൺകുട്ടികളെ ചുറ്റിപ്പറ്റിയുള്ളതാണ്. അവരെ തെറ്റായ വഴിയിൽ എത്തിച്ച് ഭീകര പ്രവർത്തനങ്ങളിലേക്ക് എത്തിക്കുന്നതാണ് ഇതിൽ വിവരിക്കുന്നത്- ഹൈക്കോടതി നിർദ്ദേശ പ്രകാരം സെൻസർ ബോർഡിനുവേണ്ടി റീജണൽ ഓഫീസർ മഹേഷ് വൈ. പട്ടേൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
കൃത്യവും സമഗ്രവുമായ പരിശോധനകൾക്ക് ശേഷമാണ് വിദഗ്ധർ ഉൾപ്പെടെ സെൻസർ ബോർഡ് സിനിമയ്‌ക്ക് അനുമതി നൽകിയത്. ഇത് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ കഴമ്പില്ല, അതിൽ പൊതുതാത്പര്യവുമില്ല. പബ്ലിസിറ്റി മാത്രം ലക്ഷ്യമിട്ടുള്ള ഹർജി തള്ളണം, സെൻസർ ബോർഡ് കോടതിയോട് അഭ്യർത്ഥിച്ചു. ചില യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥയാണ് സിനിമ. അത്തരം സംഭവങ്ങളെ നാടകീയവൽക്കരിച്ചിരിക്കുകയാണ് ചിത്രത്തിൽ. കലാകാരന്റെ ആവിഷ്‌കാര, അഭിപ്രായ സ്വാതന്ത്യം തടയുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. സിനിമ കേരളത്തെ മോശമായി ചിത്രീകരിക്കുന്നില്ല, സുരക്ഷ തകർക്കുന്നതുമല്ല.ഒരു സമുദായത്തെയും മോശമായി ചിത്രീകരിക്കുന്നില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
3,200 പെൺകുട്ടികളെ മതംമാറ്റി ഭീകരതയിലേക്ക് ആകർഷിച്ചുവെന്ന് ടീസറിൽ പറയുന്നത് സംബന്ധിച്ച് സിനിമയിൽ നേരിട്ട് പരാമർശിക്കുന്നില്ല. നിരപരാധികളായ സ്ത്രീകളെ എങ്ങനെയാണ് ഭീകരതയിലേക്ക് ആകർഷിക്കുന്നതെന്നും മതം മാറ്റുന്നതെന്നും ഇസ്ലാമിക രാജ്യങ്ങളിൽ ഭീകരപ്രവർത്തനങ്ങൾക്ക് അയയ്‌ക്കുന്നതെന്നും ഭീകരഗ്രൂപ്പുകളിൽ ചേർക്കുന്നതെന്നും യുദ്ധോപകരണങ്ങളാക്കി മാറ്റുന്നതെന്നുമാണ് വിവരിക്കുന്നത്- സത്യവാങ്മൂലത്തിൽ പറയുന്നു. ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ് മനുവാണ് സെൻസർ ബോർഡിന്റെ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചത്.
















Comments