തെമ്മാടി കൂട്ടങ്ങളെ നിലയ്‌ക്ക് നിർത്തണമെന്ന് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിഐടിയു

Published by
Janam Web Desk

തിരുവനന്തപുരം: കെഎസ്ആർടിസി മാനേജ്‌മെന്റിലെ തെമ്മാടി കൂട്ടങ്ങളെ നിലയ്‌ക്ക് നിർത്തണമെന്ന് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിഐടിയു രംഗത്ത്. പണിമുടക്കിന് പ്രേരിപ്പിച്ചാൽ പണിമുടക്കുക തന്നെ ചെയ്യുമെന്ന് സംയുക്ത സമരസമിതി മുന്നറിയിപ്പ് നൽകി.

കെഎസ്ആർടിസി ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ മുഴുവൻ ശമ്പളവും മുടങ്ങിയതിനെ തുടർന്ന് ഭരണ പ്രതിപക്ഷ യൂണിയനുകൾ ചീഫ് ഓഫീസിന് മുൻപിൽ സംയുക്ത സമരം തുടങ്ങി. ഏപ്രിൽ അഞ്ചിന് മുൻപ് മുഴുവൻ ശമ്പളവും നൽകാമെന്ന് കഴിഞ്ഞ മാസത്തെ ചർച്ചയിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ ആ വാക്ക് പാലിക്കപ്പെട്ടില്ല. ഇതിനെ തുടർന്നാണ് ഭരണ പ്രതിപക്ഷ യൂണിയനുകൾ പണിമുടക്കാൻ തീരുമാനിച്ചിരിക്കുന്നത്.

കെഎസ്ആർടിസിയിൽ പണിമുടക്കും പ്രതിഷേധവും തുടർകഥയായികൊണ്ടിരിക്കുകയാണ്. മാസത്തിലൊരിക്കൽ കെഎസ്ആർടിസി ജീവനക്കാരുടെ സമരം പതിവാണ്. ഏപ്രിൽ മാസത്തെ ആദ്യ ഗഡുവായ ശമ്പളം 4-ന് വിതരണം ചെയ്തിരുന്നു. എന്നാൽ മുഴുവൻ ശബളവും ലഭിക്കാത്തതിനാലാണ് ഭരണപക്ഷ യൂണിയനായ കെഎസ്ആർടിഇഎയും പ്രതിപക്ഷ യൂണിയനായ ടിഡിഎഫും ചീഫ് ഓഫീസിന് മുന്നിൽ സമരം തുടങ്ങിയത്.

Share
Leave a Comment